പട്ടാമ്പി ആയുര്‍വേദ ആശുപത്രിയില്‍ കിടത്തിച്ചികിത്സാ വിഭാഗം ആരംഭിക്കും
പട്ടാമ്പി: നഗരസഭയുടെ 2019-20 വര്‍ഷത്തേക്കുള്ള വികസന സെമിനാര്‍ ചെയര്മാന് കെ.എസ്.ബി.എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ ജയലേഖ അധ്യക്ഷയായി.
പി.എം.എ.വൈ പദ്ധതിയില്‍ 504 അപേക്ഷകരില്‍ കഴിഞ്ഞ വര്‍ഷം 420 പേര്‍ക്ക് ഭവന നിര്‍മാണം തുടങ്ങിയിട്ടുണ്ടെന്നും 80 പേര്‍ക്കുള്ള നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കെ.എസ്.ബി.എ തങ്ങള്‍ പറഞ്ഞു. 2019-20 ലൈഫില്‍ ഉള്‍പ്പെട്ട ഭൂരഹിത ഭവന രഹിതരും ഭൂമിയുള്ള ഭവന രഹിതരുടെയും ലിസ്റ്റില്‍ നിന്ന് 165 പേരെ ഉള്‍പ്പെടുത്തുമെന്നും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് വ്യക്തമാക്കി.
ശുദ്ധജലം വിതരണം ചെയ്യുന്നതിന് വാട്ടര്‍ ഫില്‍റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും. പട്ടാമ്പി ആയുര്‍വേദ ആശുപത്രിയില്‍ മുപ്പത് ബെഡ്ഡോട് കൂടിയ കിടത്തിചികിത്സാ വിഭാഗം ആരംഭിക്കുമെന്നും വികസന സെമിനാറില്‍ ചെയര്മാന് അറിയിച്ചു. 50 ലക്ഷം രൂപ ചെലവില്‍ കെ.പി തങ്ങള്‍ സ്മാരക ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന്, ഫീഡിംഗ് റൂം, കുടുംബശ്രീയുടെ നേതൃത്വത്തില്‍ മിനറല്‍ വാട്ടര്‍ പ്ലാന്റ്, ബ്രിക്സ് നിര്‍മാണ യൂനിറ്റ് ആരംഭിക്കും.
താലൂക്ക് ആശുപത്രിയിലേക്ക് പുതിയ ആംബുലന്‍സ്, സന്നദ്ധ സംഘടനകള്‍ക്ക് ബോഡി ഫ്രീസര്‍ സൗകര്യം അനുവദിക്കും. ഏഴ് കോടി രൂപ ചെലവില്‍ പഴയ മാര്‍ക്കറ്റ് സ്ഥലത്ത് പുതിയ നഗരസഭാ ഓഫീസ്, പട്ടാമ്പിയില്‍ സ്റ്റേഡിയം, ബൈപാസ് റോഡ് നവീകരണം, പ്രധാന സ്ഥലങ്ങളില്‍ സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍, റാന്തലുകള്‍ എന്നിവ സ്ഥാപിക്കും. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ എ.കെ അക്ബര്‍ പദ്ധതി അവതരണം നടത്തി. മുന്‍ചെയര്‍മാന്‍ കെ.പി വാപ്പുട്ടി, ഉമ്മര്‍ കിഴായൂര്‍, ടി.പി ഉസ്മാന്, വിജയകുമാര്‍, കൃഷ്ണദാസ്, സുന്ദരന്‍കുട്ടി, കൃഷ്ണവേണി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."