പുതിയ ഇന്ത്യക്ക് സഹിഷ്ണുത അനിവാര്യം: രാഷ്ട്രപതി
ന്യൂഡല്‍ഹി: സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ കഴിയൂയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.
അനുകമ്പയും സമത്വവും സഹകരണവും നിറഞ്ഞ സമൂഹമാകണം ഇന്ത്യയുടെതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തിന്റെ 71ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തോടായി നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രപതിയായ തെരഞ്ഞെടുക്കപ്പെട്ട ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ സന്ദേശം കൂടിയാണിത്.
2022ഓടുകൂടി പുതിയൊരു ഇന്ത്യയെയാണ് സൃഷ്ടിക്കേണ്ടത്. ഇതിനിടയില്‍ രാജ്യത്തിനെ വിഭജിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക രംഗവും എല്ലാവര്ക്കും പ്രാപ്യമാകണം. സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ഏകീകൃത നികുതി വ്യവസ്ഥയും ലോകത്തിനുമുന്നില്‍ ഇന്ത്യയെ മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്.
നല്ല റോഡുകളും, ആധുനിക റെയില്‍വേ സൗകര്യങ്ങളും വാര്‍ത്താ വിനിമയ സൗകര്യങ്ങളും എല്ലാ വ്യക്തികള്‍ക്കും സാധ്യമാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ അര്‍ഥ വ്യാപ്തി സാധൂകരിക്കപ്പെടുകയുള്ളൂ എന്നും രാഷ്ട്രപതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."