ശ്രീ കൂടല്‍മാണിക്യം ദേവസ്വം 25 ലക്ഷത്തിലധികം രൂപ ബാധ്യത വരുത്തിയെന്ന്
ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വം ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോപറേറ്റീവ് സൊസൈറ്റിയ്ക്ക് 25 ലക്ഷത്തിലധികം രൂപ പലവ്യഞ്ജനങ്ങള്‍ വാങ്ങിയ ചെലവില്‍ നല്‍കാന്‍ ബാക്കിയുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.എസ് അനില്‍ കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടല്‍മാണിക്യം ദേവസ്വത്തില്‍ 2014 അധികാരമേറ്റ മുന്‍ഭരണസമിതിയുടെ കാലത്ത് നവംബര്‍ മാസം മുതല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കായി പലവ്യഞ്ജന വസ്തുക്കള്‍ വാങ്ങിയതില്‍ ബാങ്ക് വഴി പല തവണയായി തുക നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ 25,58 723 രൂപയോളം ദേവസ്വം ഇനിയും നല്‍കാനുണ്ടെന്നും വിഷയം ദേവസ്വം ചെയര്‍മാനെയും മറ്റ് അധികൃതരെയും അറിയിച്ചപ്പോള്‍ ഈ വര്‍ഷം ഡിസംബര്‍ രണ്ടിന് മുന്‍പായി കണക്കു തീര്‍ക്കാമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.എം.എസ് അനില്‍ കുമാര്‍ പറയുന്നു. കഴിഞ്ഞ ഭരണ സമതിയുടെ കാലം മുതല്‍ ആകെ 80,49,381 രൂപയുടെ ഇടപാടുകളാണ് സ്ഥാപനവുമായി ദേവസ്വം നടത്തിയിട്ടുള്ളത്. ഇതില്‍ 5490773 രൂപ ബാങ്കിന് നല്‍കിയിട്ടുണ്ട്. ഇനിയും ബാങ്കിന് ലഭിക്കേണ്ട തുകയില്‍ പല ബില്ലുകളും ദേവസ്വത്തില്‍ നിന്നും നഷ്ടമായിട്ടുണ്ടെന്നു എന്നാല്‍ ബാങ്ക് ദേവസ്വത്തിന് കൈമാറിയ ബില്ലുകളുടെ പകര്‍പ്പുകള്‍ തങ്ങളുടെ കൈയിലുണ്ടെന്നും തരാനുള്ള തുക ആവശ്യപെടുമ്പോള്‍ ദേവസ്വം നിഷേധാത്മക നിലപാട് കാണിക്കുന്നത് ശരിയല്ലെന്നും എം.എസ് അനില്‍കുമാര്‍ ആരോപിച്ചു.
2017 ഡിസംബറില്‍ യു. പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റ ശേഷം കരുവന്നൂര്‍ സര്‍വിസ് സൊസൈറ്റിയുമായാണ് ഇടപാടുകള്‍ നടത്തുന്നത് അവിടെ കൃത്യമായി പണം നല്‍കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കു ലഭിക്കാനുള്ള തുക നല്‍കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരുമെന്നു സൊസൈറ്റി പ്രസിഡന്റ് അഡ്വ.എം.എസ് അനില്‍ കുമാര്‍ അറിയിച്ചു. എന്നാല്‍ ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോപറേറ്റീവ് സൊസൈറ്റി ദേവസ്വവുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടു സംബന്ധിച്ച് സൊസൈറ്റി ഭാരവാഹികള്‍ ദേവസ്വത്തിനെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രസ്താവന നടത്തിയത് ഖേദകരമാണെന്നും വിഷയം ദേവസ്വം ഗൗരവമായി കാണുന്നതെന്നും അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സൊസൈറ്റി നല്‍കിയ കണക്കുകളെ സംബന്ധിച്ച് ദേവസ്വം തര്‍ക്കമുന്നയിച്ചും വ്യക്തത തേടിയും നല്‍കിയ കണക്കുകള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. അതിന് വ്യക്തത വരുത്താതെ പരസ്യമായി ദേവസ്വത്തെ അധിക്ഷേപിക്കുന്ന നിലപാട് എടുത്തത് നിര്‍ഭാഗ്യകരമായെന്നും ആവശ്യമായ രേഖകളും വ്യക്തമായ വിവരങ്ങളും ഒരുക്കി ദേവസ്വത്തിന്റെ നിലപാട് വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."