അംബേദ്കര്‍ കോളനിയില്‍ വീടിന്റെ താക്കോല്‍ ദാനം നടത്തി
മുതലമട: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ രാജീവ് ഗാന്ധി യുവജന വേദി നിര്‍മിച്ചു നല്‍കിയ താല്‍കാലിക വീടിന്റെ താക്കോല്‍ ദാനം വി.ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു. രാജീവ് ഗാന്ധി യുവജനവേദി പ്രസിഡന്റ് രതീഷ് പുതുശ്ശേരി അധ്യക്ഷനായി. ചക്കിലിയ സമുദായംഗങ്ങളായ കോളനി നിവാസികള്‍ക്കു ഏല്‍ക്കേണ്ടി വന്ന അയിത്തം സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വീടുവച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഫലവത്തായില്ല.
ദേശീയ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷനുകള്‍ കോളനിയിലെ മുപ്പതിലധികം കുടുംബങ്ങള്‍ക്ക് മെച്ചപ്പെട്ട വാസസൗകര്യം ഒരുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിന്നു. ഈ സിറ്റിങ്ങില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടന താല്‍കാലികമായി രണ്ടു കുടുംബങ്ങള്‍ക്കു വീടുവച്ചു നല്‍കിയത്.
കോളനിയിലെ വീരമ്മാള്‍, ശങ്കരന്‍ എന്നിവര്‍ വി.ടി.ബല്‍റാം എം.എല്‍.എ.യില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി. ലൈഫ് പദ്ധതിയില്‍ കോളനിയിലെ വീടില്ലാത്തതും വാസയോഗ്യമായ വീടില്ലാത്തവരും മാനദണ്ഡങ്ങള്‍ക്കു പുറത്താണെന്ന ലിസ്റ്റ് വന്നത് അപലപനീയമാണെന്നും സി.പി.എം കോളനിക്കാരോട് ശത്രുത നിലപാട് പുലര്‍ത്തുന്നതായും, വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും വി.ടി ബല്‍റാം പറഞ്ഞു.
ചടങ്ങില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍, ജനറല്‍ സെക്രട്ടറി ബാബു നാസര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുനില്‍ സി.സി, സജേഷ് ചന്ദ്രന്‍, ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി എന്‍.കെ. ഷാഹുല്‍ ഹമീദ്, ആര്‍. ബിജോയ്, പി. ഗംഗാധരന്‍, എസ്. ശിവരാജന്‍, രാമദാസ് പരതൂര്‍, പ്രമോദ് തണ്ടലോട്, എസ്. സുഹേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."