ഫ്രാങ്കന്‍സ്റ്റൈന്‍ വായനയുടെ ഇരട്ട ശതകം
ഡോ. ശരത് മണ്ണൂര്‍#
ഇരുന്നൂറു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള കഥയാണ്. പത്തൊന്‍പതാമത്തെ വയസില്‍ ഒരു പെണ്‍കുട്ടി ആദ്യമായി നോവലെഴുതിത്തുടങ്ങുന്നു. പ്രശസ്തനായ ഒരെഴുത്തുകാരന്റെ ജീവിതപങ്കാളി എന്നതിനപ്പുറം എഴുത്തിനെക്കുറിച്ച് യാതൊരു മുന്‍ധാരണയും അവള്‍ക്കില്ല. നോവലിന്റെ വിഷയമാകട്ടെ അപരിചിതവും അതോടൊപ്പം സങ്കീര്‍ണവുമായിരുന്നു. പക്ഷേ, രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1818ല്‍ ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അത് അക്ഷരലോകത്തെ ഒരു മഹാസംഭവമായിത്തീര്‍ന്നു. ആ ഒരൊറ്റ കൃതി കൊണ്ട് ആ പെണ്‍കുട്ടി എഴുത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു. പുതുമയാര്‍ന്ന ആഖ്യാനവും മുഗ്ധവും സംഗീതാത്മകവുമായ ഭാഷയും സൂക്ഷ്മമായ പാത്രസൃഷ്ടിയും കഥാപാത്രങ്ങളുടെ മാനസിക ഗതിവിഗതികളുടെ വിദഗ്ധമായ അപഗ്രഥനവും ഏറെ പ്രകീര്‍ത്തിക്കപ്പെടുകയുണ്ടായി. നോവലിന്റെ പേര് frankenstein; or the modern prometheus(ഫ്രാങ്കന്‍സ്റ്റൈന്‍ അഥവാ ആധുനിക പ്രൊമിത്യൂസ് ). ലോക പ്രശസ്ത കവി പി.ബി ഷെല്ലിയുടെ പ്രിയതമ മേരി ഷെല്ലി. ഈ നോവലിന്റെ ഇരുന്നൂറാം വാര്‍ഷികമാഘോഷിക്കുകയാണ് അക്ഷരലോകമിപ്പോള്‍.
തികച്ചും അപ്രതീക്ഷിതമായാണ് മേരി ഷെല്ലി 'ഫ്രാങ്കന്‍സ്റ്റൈന്‍' എഴുതാന്‍ തുടങ്ങിയത്. 1816 ജൂണ്‍ മാസത്തിലെ ഒരു സായാഹ്നം. പ്രശസ്ത കവിയും കുടുംബസുഹൃത്തുമായ ബൈറന്റെ വസതിയില്‍ അദ്ദേഹത്തോടൊപ്പം മേരിയും ഭര്‍ത്താവ് ഷെല്ലിയും ചില പ്രേതകഥകള്‍ വായിച്ചുകൊണ്ടിരിക്കുന്നു. വായനയ്ക്കിടെ മൂവരും അത്തരത്തില്‍ ഓരോ കഥയെഴുതാന്‍ തീരുമാനിക്കുന്നു. ബൈറനും ഷെല്ലിയും പിന്നീട് അക്കാര്യം ഉപേക്ഷിച്ചെങ്കിലും മേരിയുടെ മനസ് അതിനു പിന്നാലെത്തന്നെയായിരുന്നു. അങ്ങനെയിരിക്കെ മറ്റൊരു ദിവസം സുഹൃത്തുക്കള്‍ പതിവുസംഭാഷണത്തിനിടെ ജീവനെക്കുറിച്ചും അതിന്റെ രഹസ്യത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കെ മേരിയുടെ മനസില്‍ ഒരു ദൃശ്യം തെളിഞ്ഞു. ഒരു പരീക്ഷണശാലയില്‍, താന്‍ സൃഷ്ടിച്ച ഭീകരസത്വത്തെ ഭീതിയോടെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു യുവശാസ്ത്രഞ്ജന്റെ ചിത്രമായിരുന്നു അത്. അയാളുടെ മുഖം കടലാസുപോലെ വിളറിയിരുന്നു. ആ കണ്ണുകളില്‍ കടുത്ത ഭീതിയും ആശങ്കയും നിറഞ്ഞിരുന്നു. തന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ച ഈ ദൃശ്യമാണ് ഫ്രാങ്കന്‍സ്റ്റൈന്‍ എന്ന നോവലിന്റെ രചനയ്ക്കു കാരണമായതെന്ന് അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
'ഫ്രാങ്കന്‍സ്റ്റൈന്‍' രചിക്കപ്പെട്ടത് ഒരു കഥയ്ക്കുള്ളില്‍ മറ്റൊരു കഥ എന്ന രീതിയിലാണ്. വാള്‍ട്ടന്‍ എന്ന സാഹസിക സഞ്ചാരി തന്റെ സഹോദരിക്ക് അയക്കുന്ന കത്തുകളിലെ സംഭവങ്ങളാണ് ആദ്യത്തെ കഥ. ഉത്തരധ്രുവത്തിലെ ഹിമസാഗരത്തിലൂടെയുള്ള ആപത്ക്കരമായ യാത്രയ്ക്കിടയില്‍ കണ്ട വിചിത്രമായ ഒരു കാഴ്ചയാണ് അദ്ദേഹം കത്തില്‍ വിവരിക്കുന്നത്. യാത്രാമധ്യേ ദൂരെ ഒരു ചങ്ങാടത്തില്‍ ഭീമാകാരനായ ഒരു മനുഷ്യരൂപത്തെ കാണുന്നതും, പിന്നീട് കടലില്‍നിന്ന് അങ്ങേയറ്റം പരിക്ഷീണനായ ഒരു മനുഷ്യനെ രക്ഷിക്കുന്നതും വാള്‍ട്ടണ്‍ വിശദീകരിക്കുന്നു. ആ മനുഷ്യന്റെ പേര് ഫ്രാങ്കന്‍സ്റ്റൈന്‍ എന്നായിരുന്നു. തന്റെ കഥ അയാള്‍ വാള്‍ട്ടനോട് പറയുകയാണ്. അദമ്യമായ ശാസ്ത്രകൗതുകത്താല്‍ താന്‍ ഒരു ഭീകരമനുഷ്യനെ സൃഷ്ടിച്ചതും ആ സൃഷ്ടി അവസാനം തനിക്കു തീരാശാപവും ഭീഷണിയുമായിത്തീര്‍ന്നതും അയാള്‍ വിശദീകരിക്കുന്നു. ഒരു നിമിഷത്തെ ആവേശം ഒരു ജീവിതകാലം മുഴുവന്‍ തന്നെ വേട്ടയാടിയ കഥ ഫ്രാങ്കന്‍സ്റ്റൈന്‍ വിവരിക്കുന്നു. അതാണു കഥയ്ക്കുള്ളിലെ കഥ. നോവല്‍ അവസാനിക്കുമ്പോള്‍ വാള്‍ട്ടന്‍ വീണ്ടും രംഗത്തുവരുന്നു. ഫ്രാങ്കന്‍സ്റ്റൈന്റെ മരണവും തന്റെ സാഹസികയാത്രയുടെ പരാജയവും അയാള്‍ വിവരിക്കുന്നതോടെ നോവല്‍ പരിസമാപ്തിയിലെത്തുന്നു.
ശാസ്ത്രനേട്ടങ്ങള്‍ പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായാണ് ഉപയോഗിക്കപ്പെടേണ്ടതെന്നും അല്ലാത്തപക്ഷം അവ ലോകം നശിപ്പിക്കുന്ന ആസുരശക്തിയായി പരിണമിക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ഈ നോവല്‍ വായനക്കാര്‍ക്കു നല്‍കുന്നത്. താന്‍ സൃഷ്ടിച്ച ഭീകരസത്വത്തില്‍നിന്നു വൈകിയാണെങ്കിലും ഈയൊരു സത്യമാണ് ഫ്രാങ്കന്‍സ്റ്റൈന്‍ തിരിച്ചറിയുന്നത്.
തനിക്ക് ഒരിണയെ സൃഷ്ടിച്ചുതരണമെന്ന അതിന്റെ ആവശ്യം ഫ്രാങ്കന്‍സ്റ്റൈന് അംഗീകരിക്കാനാവുന്നില്ല. അങ്ങനെയൊരു ആവശ്യം അനുവദിച്ചാല്‍ ഈ ഭൂമിയില്‍ രാക്ഷസന്മാരുടെ സന്തതിപരമ്പരകള്‍ തന്നെ സൃഷ്ടിക്കപ്പെടുമെന്ന ചിന്ത അയാളെ ഭയാക്രാന്തനാക്കുന്നു. അതോടൊപ്പം ഫ്രാങ്കന്‍സ്റ്റൈന്‍ സൃഷ്ടിച്ച ആ സത്വത്തിന്റെ മാനസികവ്യാപാരങ്ങളെ നിറഞ്ഞ സഹാനുഭൂതിയോടെത്തന്നെ നോവലിസ്റ്റ് ചിത്രീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഭീകരനെങ്കിലും അതിനും മനസും ചിന്തകളും ലോലവികാരങ്ങളുമുണ്ടെന്നാണ് അവര്‍ വായനക്കാരെ ഓര്‍മിപ്പിക്കുന്നത്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും എന്തു ത്യാഗം സഹിക്കാനും അതു തയാറാവുന്നുണ്ടെങ്കിലും ഒരിടത്തുനിന്നും സ്‌നേഹമോ പരിഗണനയോ ദയ നിറഞ്ഞ ഒരു കടാക്ഷം പോലുമോ അതിനു കിട്ടുന്നില്ല. പകരം വെറുപ്പും ഭയവും നിറഞ്ഞ മനസുമായി എല്ലാവരും അതിനെ ആട്ടിയോടിക്കുകയാണ്. അത്തരമൊരവസരത്തിലാണു ശ്വാസം മുട്ടിക്കുന്ന ഏകാന്തതയില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടി ആ സത്വം ഒരിണയെ ആഗ്രഹിക്കുന്നത്. പക്ഷേ തന്റെ സ്രഷ്ടാവ് തന്നെ ആ ആഗ്രഹം നിരസിച്ചപ്പോള്‍ അതു പ്രതികാരദാഹിയായി മാറുകയാണ്. ഫ്രാങ്കന്‍സ്റ്റൈന്റെ പ്രിയപ്പെട്ടവരെയെല്ലാം അതു ക്രൂരമായ രീതിയില്‍ ഇല്ലാതാക്കുന്നു. അവസാനം ഫ്രാങ്കന്‍സ്റ്റൈനും മരണത്തിനു കീഴടങ്ങുന്നതോടെയാണ് അതിന്റെ പ്രതികാരവാഞ്ഛ അവസാനിക്കുന്നത്.
തന്റെ കഥാപാത്രങ്ങളോട് നോവലിസ്റ്റ് വച്ചു പുലര്‍ത്തുന്ന സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും വിസ്മയകരമായ തിളക്കമാണ് ഈ നോവലിലെ നായകനിലും പ്രതിനായകനിലും വായനക്കാര്‍ കാണുന്നത്. പലപ്പോഴും നായകന്‍ പ്രതിനായകനാകുന്നു. അതുപോലെ പ്രതിനായകന്‍ നായകന്റെ ഔന്നത്യം നേടുന്നുമുണ്ട്. വായനക്കാരെ വിസ്മയിപ്പിക്കുന്ന സവിശേഷമായ ഈ രചനാതന്ത്രം നോവലില്‍ ആദ്യന്തം ഉപയോഗിച്ചിട്ടുണ്ട്.
1797ല്‍ ലണ്ടനില്‍ ജനിച്ച മേരി വോളന്‍സ്റ്റോണ്‍ ക്രാഫ്റ്റ് ഷെല്ലിയുടെ കന്നിപ്പുസ്തകമാണ് 'ഫ്രാങ്കന്‍സ്റ്റൈന്‍'.
History of a Six Weeks' Tour, The Last Man,falkner തുടങ്ങിയ അവരുടെ പില്‍ക്കാല രചനകള്‍ക്കൊന്നും ഇത്ര വലിയ ജനപ്രീതി ലഭിച്ചിട്ടില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോഥിക് നോവല്‍ എന്നാണു നിരൂപകലോകം ഈ കൃതിയെ വിശേഷിപ്പിക്കുന്നത്. ശ്രദ്ധേയമായ സ്ത്രീപക്ഷ രചന എന്ന നിലയിലും ഫ്രാങ്കന്‍സ്റ്റൈന്‍ വിലയിരുത്തപ്പെടുന്നുണ്ട്. മലയാളമുള്‍പ്പെടെ നിരവധി ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ട ഈ നോവലിനെ അധികരിച്ചു നിരവധി നാടകങ്ങളും ചലച്ചിത്രങ്ങളും ടെലിവിഷന്‍ പരമ്പരകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള കോടിക്കണക്കിനു വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച ഫ്രാങ്കന്‍സ്റ്റൈന്‍ ഇന്നും അക്ഷരലോകത്തെ വിസ്മയമായി നില്‍ക്കുകയാണ്. അതോടൊപ്പം മേരി ഷെല്ലിയും മറ്റൊരു കഥാപാത്രം പോലെ അനുവാചക മനസില്‍ അനശ്വരത നേടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."