മാസിന് കണ്ണീരോടെ യാത്രാമൊഴി
പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച പെരിന്തല്‍മണ്ണ മാനത്തുമംഗലത്തെ കിഴിശ്ശേരി മാസി (22)ന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴിയേകി. അകാലത്തില്‍ വിടപറഞ്ഞ മാസിന്റെ വേര്‍പാട് നാടിന്റെയാകെ നൊമ്പരമായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അവസാനമായി ഒരുനോക്കു കാണാന്‍ മാസിന്റെ അധ്യാപകരും സഹപാഠികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് തടിച്ചു കൂടിയത്.
പെരിന്തല്‍മണ്ണ മാനത്തുമംഗലത്തെ കിഴിശ്ശേരി കുഞ്ഞിമുഹമ്മദ് കദീജ ദമ്പതികളുടെ ഇളയമകനായ മാസിനെ എയര്‍ഗണ്ണില്‍ നിന്നും കഴുത്തിനു വെടിയേറ്റ നിലയില്‍ കഴിഞ്ഞ കഴിഞ്ഞദിവസം വൈകിട്ടോടെയാണ് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിക്കുന്നത്. പക്ഷികളെയും മറ്റും വെടിവച്ചു പിടിക്കാനായി മാനത്തുമംഗലത്തിനടുത്തെ പൂപ്പലം തടപ്പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു മാസിന്‍.
കോഴിക്കോട് കല്ലായിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജില്‍ റേഡിയോളജി വിഭാഗം വിദ്യാര്‍ഥിയായിരുന്നു. അവിടെ താമസിച്ച് പഠിക്കുകയായിരുന്ന മാസിന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടില്‍ എത്തുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ സുഹൃത്തുക്കളുടെ കൂടെ വീട്ടില്‍ നിന്നും ഇറങ്ങിയ മാസിന്റെ മരണ വാര്‍ത്തയാണ് പിന്നീട് വീട്ടുകാരറിയുന്നത്.
മരണവാര്‍ത്തയറിഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മയ്യിത്ത് ഇന്നലെ വൈകിട്ട് ഏഴിന് ശേഷം വലിയങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."