മതം മാറ്റത്തെ കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഭിന്നാഭിപ്രായം
കേരള സര്‍ക്കാര്‍ പുറത്തിറക്കിയ മുസ്ലിം പേര്‍സണല്‍ ലോ (കേരള) പല വിധത്തിലുള്ള പ്രതികരണങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമ പണ്ഡിതന്മാരും വിദഗ്ധരും പല രീതിയിലാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. പൂര്‍ണാര്‍ത്ഥത്തില്‍ മുസ്ലിം പേര്‍സണല്‍ ലോ (കേരള) യുടെ ചട്ടങ്ങള്‍ ന്യൂനപക്ഷ സമൂഹത്തെ ഏതു വിധത്തില്‍ ബാധിക്കുമെന്ന് കാര്യം പഠന വിധേയമാക്കേണ്ടതാണ്. വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതികരണങ്ങള്‍ വായിക്കാം.
#അഡ്വ. ഷഹ്‌സാദ് ഹുദവി
മുസ്ലിം പേര്‍സണല്‍ ലോ (കേരള) ചട്ടങ്ങള്‍ : ഒരു വിയോജനക്കുറിപ്പ്
മുസ്ലിം പേര്‍സണല്‍ ലോ (കേരള) Rules ഇന്നലെയോടെ നിലവില്‍ വന്നിരിക്കുകയാണ്. മേല്‍ ചട്ടങ്ങള്‍ മുസ്ലിം വ്യക്തിനിയമത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് എന്നാണ് എന്റെ അഭിപ്രായം. മുസ്ലിം വ്യക്തി നിയമമനുസരിച്ച് ഒരാള്‍ മുസ്ലിം നിയമം പൂര്ണര്ത്തില്‍ ബന്ധിക്കുവാന്‍ ഓഫീസര്‍ മുമ്പാകെ ഡിക്ലറേഷന്‍ നല്‍കാമെന്നും ആയതിന് കേരളത്തില്‍ ഓഫീസര്‍ ഇല്ലെന്നും ആയതിന് റൂള്‍സ് ഉണ്ടാക്കാന്‍ ഗവണ്മെന്റ് നോട് നിര്‍ദേശിക്കനമെന്നവശ്യപ്പെട്ടാണ് തേവദൂസ് @ അബൂ താലിബ് എന്ന വ്യക്തി ഹരജി നല്‍കിയപ്പോള്‍ 3 മാസത്തിനകം റൂള്‍ ഉണ്ടാകാമെന്ന സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ആ ഉറപ്പിന്മേല്‍ ബഹു. ഹൈക്കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു. എന്നാല്‍, 3 മാസം കഴിഞ്ഞ ശേഷവും റൂള്‍ ഉണ്ടാവതായപ്പോള്‍ യൂത്ത് ലീഗ് സെക്രട്ടറി PK ഫിറോസ് വിണ്ടും ഹരജി നല്‍കി. അതിനിടെയാണ് ഗവര്‍മെന്റ് നിയമം ഇറക്കിയിറിക്കുന്നത്.
സെക്ഷന്‍ 3 യുടെ അന്തസത്ത
ഒസ്യത്ത്, ദത്ത് എന്നിവയും സെക്ഷന്‍ 2 ല്‍ പറയുന്ന മറ്റു കാര്യങ്ങളിലും മുസ്ലിം നിയമമനുസരിച്ച് ബന്ധിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കു ഡിക്ലറേഷന്‍ വാങ്ങാമെന്നാണ് സെക്ഷന്‍ 3 യുടെ ചുരുക്കം. 1937 ല്‍ നാവാബുമാര്‍, മുതലാളിമാര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഇഷ്ടം പോലെ ഒസ്യത്ത് എഴുതാനും ദത്തെടുക്കാനുമുള്ള അവകാശം സംരക്ഷിച്ചാണ് ജിന്ന അന്ന് വ്യക്തിനിയമം ഡ്രാഫ്റ്റ് ചെയ്തത്.
അത്തരക്കാര്‍ക്ക് പിന്നീട് ഈ നിയമം പൂര്‍ണമായി സ്വീകരിക്കുന്നതിന് വേണ്ടിയാണ് സെക്ഷന്‍ 3 നിലനിര്‍ത്തിയത്. *പിന്നീട് പാകിസ്താനില്‍ ഈ വകുപ്പ് ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത*
മേല്‍ വിഷയത്തില്‍ എന്റെ വിയോജനക്കുറിപ്പ് ഇവിടെ രേഖപ്പെടുത്തുന്നു.
1. ആരാണ് മുസ്ലിം എന്ന് Act ഓ Rules ഓ നിര്‍വചിക്കുന്നില്ല. ഖാദിയാനികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുമോ ? മുസ്ലിം ആവുക എന്നതിന്റെ മാനദണ്ഡം തഹസില്‍ദാര്‍ എങ്ങനെയാണ് തീരുമാനിക്കുക? മുസ്ലികള്‍ പൊതുവെ അംഗീകരിക്കാത്ത പല വിഭാഗണങ്ങളും ഉണ്ട്. അവയില്‍ ഏതൊക്കെ വിഭാഗത്തെയാണ് തഹസില്‍ദാര്‍ അംഗീകരിക്കുക? ഏത് മഹല്ല് ജമാഅതിന്റെ കത്തും സ്വീകരിക്കുമോ ?
2. 'Any Muslim who desires to obtain a declaration provided sections 3 of the Act may file before the prescribed authortiy ...' എന്നാണ് റൂള്‍ തുടങ്ങുന്നത്.
2018 ലെ Rules വന്ന ശേഷം അത് പ്രകാരം ഡിക്ലറേഷന്‍ വാങ്ങാത്ത ഒരാള്‍ മുസ്ലിം വ്യക്തിനിയമത്തിന് വിരുദ്ധമായി ഒരു ആചാരമോ സിസ്റ്റമോ (ഉദാ, ദത്ത്, മരുമാക്കാത്തയം) തന്റെ കുടുംബത്തില്‍ നിലനില്‍ക്കുന്നുവെന്ന് വാദിച്ചാല്‍ എന്ത് സംഭവിക്കും ? ഡിക്ലറേഷന്‍ വാങ്ങിയില്ല എന്ന കാരണത്താല്‍ അയാളുടെ വാദം അംഗീകരിക്കപ്പെടില്ലേ?
3. പുതിയ Rules പ്രകാരം തന്റെ idendtiy വെളിപ്പെടുത്താന്‍ തയാറാകാത്ത (സുരക്ഷാ കാരണങ്ങള്‍ കൊണ്ടോ മറ്റോ) നവമുസ്ലിം എന്ത് ചെയ്യും? അങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തിയെ മുസ്ലിം ആയി പരിഗണിക്കാതിരിക്കുമോ ? അയാളുടെ അനന്തരവകാശം, സ്വത്ത് തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ തീരുമാനിക്കും?
ഉദാഹരണം:ഈ Rules പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഒരു നവ മുസ്ലിം മരണപ്പെട്ടുന്നു. സ്വത്തുതര്‍ക്കം കോടതിയിലെത്തുന്നു. ബാപ്പ മുസ്ലിം ആണെന്ന് മക്കളും അമുസ്ലിം ആണെന്ന് സഹോദരന്മാരും വാദിച്ചാല്‍ എന്ത് ചെയ്യും ? Register ചെയ്യാതിരുന്നത് അമുസ്ലിം ആണെന്നതിന്റെ തെളിവാണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും?
4. ആയിഷ × Director, office of directorate Printing Dept, Tvm (2018) കേസില്‍ നവ മുസ്ലിംകള്‍ക്ക് മതം മാറിയെന്ന ഡിക്ലറേഷന്‍ നല്‍കിയാല്‍ മതിയെന്ന വിധി മതംമാറ്റ പ്രക്രിയയെ ലളിതമാക്കുന്ന ഒന്നായിരുന്നു. പക്ഷെ അതില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ സങ്കീര്ണമാക്കുന്ന ഈ Rules ന്റെ ആവശ്യമുണ്ടോ എന്ന് ഗൗരവാതരമായി ചിന്തിക്കേണ്ടതുണ്ട്.
5. Shariat Application Act ലെ സെക്ഷന്‍ 2 പ്രകാരം ഒസ്യത്ത്, ദത്ത് എന്നിവ ഉള്‍പ്പെടുന്നില്ല. അങ്ങനെ വരികില്‍ ഈ Rules പ്രകാരം declaration വാങ്ങിയില്ല എങ്കില്‍ അയാള്‍ക്ക് മുഴുവന്‍ സ്വത്തും ഒരു മകനോ/മകള്‍ക്കോ എഴുതി വെക്കാം.
Rules ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തവര്‍ സെക്ഷന്‍ 2 ഭേദഗതി ചെയ്ത് ഒസ്യത്ത്, ദത്ത് എന്നിവ കൂടെ ചേര്‍ക്കണം. അല്ലാത്ത പക്ഷം, ഡിക്ലറേഷന്‍ വാങ്ങാത്ത മുസ്ലിംകള്‍ക്ക് ഇഷ്ടം പോലെ സ്വത്തും ഏതെങ്കിലും മകനോ/മകള്‍ക്കോ എഴുതി വെക്കാം എന്ന് വരും. അത് അടിസ്ഥാനപരമായി മുസ്ലിം വ്യക്തിനിയമത്തിന് വിരുദ്ധവുമാകും. ഫലത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.
6. നോട്ടറി അറ്റസ്റ്റ് ചെയ്ത അപേക്ഷ ഫോം തഹസില്‍ദാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്നും, അതിന്മേല്‍ അദ്ദേഹം enquiry നടത്തണമെന്നും തുടര്‍ന്ന് തൃപ്തികരമാണെങ്കില്‍ ഡിക്ലറേഷന്‍ നല്‍കാമെന്നും Rules പറയുന്നു. എന്നാല്‍, അന്വേഷണത്തില്‍ തൃപ്തികരമല്ലെങ്കില്‍ Reject ചെയ്യാനും അധികാരമുണ്ട്. പിന്നീടുള്ള option അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (ADM) മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യലാണ്. തഹസില്‍ദാരുടെ enquiry എങ്ങനെയാണ്? അന്വേഷണം തൃപ്തിയകരമാണോ അല്ലയോ എന്നതിന്റെ മാനദണ്ഡം എന്തായിരിക്കും ? ഈ നീണ്ട procedure ലൂടെ പോകുന്നവന്റെ സാമൂഹിക സാഹചര്യങ്ങള്‍ എത്രത്തോളം എളുപ്പമാകും ?
7. ഡിക്ലറേഷന്‍ കൊണ്ട് നജ്മല്‍ ബാബുവിന് വന്ന ഗതി ഉണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ല. അത് മറികടക്കാന്‍ മറ്റു വഴികള്‍ ഉണ്ട്. ഉദാ; Kerala Anatomy Act പ്രകാരം ഒരാള്‍ (ഏത് മാതാക്കരനാണെകിലും) വാക്കലോ ലിഖിതമായോ തന്റെ ശരീരം എടുക്കാമെന്ന് *എഴുതിയാല്‍/എഴുതിപ്പിച്ചാല്‍* ആ ശരീരം വിട്ടു നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍, മുസ്ലിം ആചാരമായ കബറടക്കത്തിന് വിരുദ്ധമായി 'വില്‍പത്രം' എഴുതിവെപ്പിക്കുകയോ/ കൃത്രിമമായി നിര്‍മിക്കപ്പെടുകയോ ആവാം; കാരണം, അതിന് രെജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല എന്ന് മാത്രമല്ല, രെജിസ്‌ട്രേഷന്‍ ചെയ്താലും കോടതിയില്‍ തെളിയിച്ചാലെ വില കല്പിക്കപ്പെടൂ.
ശേഷക്കുറിപ്പ് : എപ്പോഴും കേസിന് പോകണമെന്ന് നിര്‍ബന്ധമില്ല. ചിലപ്പോള്‍ അര്‍ത്ഥ ഗര്‍ഭമായ മൗനവും നല്ലതാണെന്നും ഓര്‍ക്കുക. ഇത്തരം വിഷയങ്ങളില്‍ കുറേകൂടെ ഗൃഹപാഠം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു...
Adv. ഷഹ്‌സാദ് ഹുദവി
9400373765
#മുസ്തഫ മുണ്ടുപാറ
മതം മാറ്റ ഉത്തരവ് :പിതൃത്വ തർക്കത്തിനപ്പുറം
--------------------------------- -----
മതം മാറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിന്റെ പിതൃത്വം ആർക്കുമാവട്ടെ ആ ഉത്തരവ് സമുദായത്തിന് ഗുണമാണോയെന്നത് ഗൗരവപൂർവ്വം പരിശോധിക്കേണ്ടതുണ്ട്.ഇക്കാലമത്രയും പൊന്നാനി മഊനത്തും കോഴിക്കോട് തർബിയത്തും മുഖേന മതം മാറാനുണ്ടായിരുന്ന ഔദ്യോഗിക അവസരം ഇതോടെ ഇല്ലാതാവുകയാണ്. പകരം ഏതൊരാൾക്കും തഹസിൽദാർ മുഖേന മതം മാറാനുള്ള അവസരമൊരുങ്ങുകയുമാണ്. ഇതുണ്ടാക്കുന്ന സങ്കീർണ്ണതകൾ കാണേണ്ടതുണ്ട്.
മത വിശ്വാസത്തിന്റെ ഭാഗമായുള്ള അവകാശങ്ങളെല്ലാം സർക്കാർ കവർന്നെടുക്കപ്പെടുന്ന സാഹചര്യം ആത്യന്തികമായി സമുദായത്തിന് ഗുണം ചെയ്യില്ലെന്ന കാര്യം ഉറപ്പാണ്.
ഉത്തരവ് കൊണ്ടുവന്നവരാരെന്ന തർക്കത്തിനപ്പുറം ഉത്തരവിന്റെ മെറിറ്റും ഡിമെറിറ്റും വിശകലന വിധേയമാകട്ടെ.
മുസ്തഫ മുണ്ടുപാറ
2018 ഡിസംബർ 31
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."