അധികാരബലത്തിലെ പകല്‍ക്കൊള്ളകള്‍
അഴിമതിയും അധികാരദുര്‍വിനിയോഗവുമടക്കമുള്ള നിരവധി ആരോപണങ്ങളാണു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരേ ഉയര്‍ന്നത്. സോളാര്‍ തട്ടിപ്പ്, ബാര്‍കോഴ, ഇഷ്ടക്കാര്‍ക്കു ചട്ടവിരുദ്ധമായി ഭൂമി പതിച്ചുകൊടുക്കല്‍ തുടങ്ങി ആരോപണങ്ങളുടെ വലിയൊരു നിരതന്നെ ആ സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്നു. മദ്യവിപത്തിനെതിരായ നടപടികളും ജീവകാരുണ്യപദ്ധതികളുമടക്കം നല്ല കാര്യങ്ങള്‍ ഏറെ ചെയ്തിട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ വിധിയെഴുതാന്‍ കേരളജനതയെ പ്രേരിപ്പിച്ചത് അഴിമതിയോടും അധികാരദുര്‍വിനിയോഗത്തോടുമുള്ള കടുത്ത എതിര്‍പ്പായിരുന്നു.
ആ വിധിയെഴുത്തിന്റെ ഗുണഭോക്താക്കളായി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാരില്‍നിന്നു കേരളീയര്‍ ന്യായമായും പ്രതീക്ഷിച്ചത് അഴിമതിരഹിതവും സ്വജനപക്ഷപാതമില്ലാത്തതുമായ ഭരണമാണ്. ആ പ്രതീക്ഷയെല്ലാം നിഷ്‌കരുണം തല്ലിത്തകര്‍ത്തുകൊണ്ടാണു പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണു ദിനംപ്രതി പുറത്തുവരുന്ന വാര്‍ത്തകള്‍.
ഭരണത്തിന്റെ തുടക്കത്തില്‍തന്നെ ബന്ധുനിയമനത്തിന്റെ പേരില്‍ ഒരു മന്ത്രിക്കു പുറത്തുപോകേണ്ടി വന്നതു സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കുണ്ടാക്കിയ കളങ്കം ചെറുതല്ല. തൊട്ടുപിറകെ തികച്ചും നാണംകെട്ട സംഭവത്തിന്റെ പേരില്‍ മറ്റൊരു മന്ത്രിക്കും കസേര നഷ്ടമായി. ഈ മന്ത്രിയുടെ പിന്‍ഗാമിയായി എത്തിയ മന്ത്രി തോമസ് ചാണ്ടിക്കും ഭരണകക്ഷി എം.എല്‍.എ പി.വി അന്‍വറിനുമെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഇതുവരെ ഉണ്ടായവയേക്കാള്‍ ഗുരുതരമാണ്.
പല ന്യായങ്ങളും പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഭരണപക്ഷനേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ കണ്ണില്‍ തല്‍ക്കാലം പ്രതിക്കൂട്ടില്‍തന്നെയാണു മന്ത്രിയും എം.എല്‍.എയും. മുന്‍കാലങ്ങളില്‍ നടന്നതുപോലെ അധികാരത്തിന്റെ ബലത്തില്‍ നടത്തുന്ന പകല്‍ക്കൊള്ളയാണിതെന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്.
മന്ത്രി തോമസ് ചാണ്ടി രണ്ട് എം.പിമാരുടെ ഫണ്ടുപയോഗിച്ചു സ്വന്തം റിസോര്‍ട്ടിലേക്കു റോഡുണ്ടാക്കിയെന്നും കായല്‍ കൈയേറിയെന്നുമൊക്കെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ എന്തൊക്കെയോ ചില സത്യങ്ങളുണ്ടെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണു മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. അതിന് അനുബന്ധമായി മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചെടുത്ത ചില രേഖകള്‍ മറ്റു ചില ക്രമക്കേടുകളിലേക്കും വിരല്‍ചൂണ്ടുന്നു.
ചട്ടങ്ങള്‍ ലംഘിച്ചും ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നു ലഭിക്കേണ്ട അനുമതികള്‍ പൂര്‍ണമായി ലഭിക്കാതെ കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മിച്ചുവെന്നാണ് അന്‍വറിനെതിരായ ആരോപണം. പല തരത്തിലുള്ള പത്തോളം നിയമലംഘനങ്ങള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുമായി ബന്ധപ്പെട്ടു നടന്നതായാണു വാര്‍ത്തകള്‍. രണ്ടുപേരും ഭരണപക്ഷത്തിന്റെ ഭാഗമായതുകൊണ്ട് അധികാരദുര്‍വിനിയോഗമടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ആരോപിക്കപ്പെടുന്നതു സ്വാഭാവികം.
വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ രണ്ടുപേരെയും ന്യായീകരിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. ഭംഗിവാക്കെന്ന നിലയില്‍ പരിശോധിക്കാമെന്നെങ്കിലും പറയാതെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു അദ്ദേഹം. ഇവരെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങള്‍ വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന സൂചന നല്‍കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതിപക്ഷത്തിനു പുറമെ പ്രമുഖ സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനും ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എം.എല്‍.എയും മന്ത്രിയും മാത്രമല്ല സര്‍ക്കാര്‍ മൊത്തത്തില്‍തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പ്രതീതിയാണുള്ളത്.
സര്‍ക്കാരിന്റെ പ്രതിച്ഛായ നല്ല രീതിയില്‍ നിലനിര്‍ത്താന്‍ മറ്റാരെക്കാളും ബാധ്യതയുള്ളതു മുഖ്യമന്ത്രിക്കു തന്നെയാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുമായോ മുന്നണിയുമായോ ബന്ധപ്പെട്ട മറ്റു താല്‍പര്യങ്ങളെല്ലാം മാറ്റിവച്ച് ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുണ്ട്. അന്വേഷണത്തില്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ അവരെ മാറ്റിനിര്‍ത്താന്‍ തയാറാകണം. മറിച്ച് അന്വേഷണത്തില്‍ നിരപരാധിത്വം വെളിപ്പെട്ടാല്‍ അതിന്റെ ഗുണം ലഭിക്കുന്നത് മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും തന്നെയായിരിക്കും. അന്വേഷണത്തിനു വിസമ്മതിക്കുന്നത് സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവയ്ക്കുന്നു എന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കാന്‍ മാത്രമായിരിക്കും ഉപകരിക്കുക. അങ്ങനെ വന്നാല്‍ ഈ സര്‍ക്കാരിനെയും കാത്തിരിക്കുന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായുണ്ടായ തരത്തിലുള്ള ജനവിധി തന്നെയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."