കന്നിയമ്മക്ക് കക്കൂസ് നിര്‍മിക്കാന്‍ സഹായവുമായി വെല്‍ഫയര്‍ പാര്‍ട്ടി
പാലക്കാട്: പ്ലാച്ചിമട സമരത്തിന്റെ സജീവ പ്രവര്‍ത്തക കന്നിയമ്മയുടെ ഒന്നര വര്‍ഷത്തിലേറെയായി പണിപൂര്‍ത്തിയാകാതെ കിടക്കുന്ന കക്കൂസ് പൂര്ത്തികരിച്ചുനല്കാന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി മുന്നോട്ടു വന്നു. ഒരാഴ്ചയ്ക്കകം പണി തുടങ്ങുമെന്ന് പാര്‍ട്ടി ജില്ലാ ജന.സെക്രട്ടറി എം. സുലൈമാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
കന്നിയമ്മയുടെ ജീവിത ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം റിപോര്‍ട്ട് ചെയ്തിരുന്നു. നാടൊട്ടുക്ക്, സമ്പൂര്‍ണ കക്കൂസ് പ്രഖ്യാപനം നടത്തിയെങ്കിലും വിജയനഗര്‍ കോളനിയില്‍ താമസിച്ചു വരുന്ന കന്നിയമ്മയുടെ വീട്ടില്‍ കക്കൂസ് നിര്‍മിച്ച് നല്കാന് അധികൃതക്ക് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് പഞ്ചായത്തിന് റിപ്പോര്‍ട്ടു നല്‍കേണ്ടവരും മൗനം പാലിച്ചു. ഗ്രാമസഭയില്‍ ഈ സംഭവം ചര്‍ച്ച ചെയ്തിട്ടുമില്ലെന്നാണ് അറിയുന്നത്.
ഒന്നര വര്‍ഷം മുന്‍പ് വാര്‍ധക്യകാല പെന്‍ഷനായി കിട്ടിയ 6000 രൂപകൊണ്ടാണ് ഇവര്‍ കക്കൂസ് കുഴിയുണ്ടാക്കി. ചെറിയ ഷെഡും നിര്‍മിച്ചു. പിന്നീട് പണം കിട്ടാത്തതിനാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതുമില്ല. ഇനി മേല്‍ക്കൂരയും, വാതിലും, തേപ്പു പണികളുംപൂര്ത്തീകരിക്കാനുണ്ട്. ആറ് മാസം മുന്‍പാണ് പഞ്ചായത്തും സംപൂര്‍ണ കക്കൂസ് പ്രഖ്യാപനം നടത്തിയത്.
ഇതിനു പുറമെ വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പാസാക്കിയ ഒന്നര ലക്ഷത്തോളം രൂപയും ബാക്കി ലഭിക്കാനുണ്ട്. അതിനാല്‍ വീട് പണിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് കന്നിയമ്മയും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."