ട്രാഫിക് ഐലന്‍ഡ് വിവാദത്തില്‍ കലക്ടര്‍ ഇടപെട്ടു; അന്വേഷണത്തിന് നിര്‍ദേശം
തിരൂര്‍: സി.പി.എമ്മും മുസ്‌ലിം ലീഗും തമ്മില്‍ രൂക്ഷമായ പ്രശ്‌നമുണ്ടായ തിരൂര്‍ ട്രാഫിക് ഐലന്‍ഡ് വിവാദത്തില്‍ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ നിര്‍ദേശം.
തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനിലെ ട്രാഫിക് ഐലഡുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘര്‍ഷം ക്രമസമാധാന പ്രശ്‌നമായതിനാല്‍ ട്രാഫിക് ഐലന്‍ഡ് തിരൂര്‍ പൊലിസ് തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഷാജി തലക്കാട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പരാതിയില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗം തിരൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒയ്ക്കുമാണ് അന്വേഷണം നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഷാജി തലക്കാട് കലക്ടര്‍ക്ക് പരാതി നല്‍കിയത്. തിരൂര്‍ സെന്‍ട്രല്‍ ജംങ്ഷനിലെ ട്രാഫിക് ഐലന്‍ഡില്‍ എഴുതിയ ദേശാഭിമാനി പരസ്യത്തില്‍ കരിഓയില്‍ ഒഴിക്കുകയും തുടര്‍ന്ന് മുസ്‌ലിം ലീഗ് ഓഫിസ്, ചന്ദ്രിക പ്രചാരണ ബോര്‍ഡുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തത് സംഘര്‍ഷത്തിനും വിവാദങ്ങള്‍ക്കുമിടയാക്കിയിരുന്നു.
കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനത്തിനിടയിലാണ് തിരൂരില്‍ സി.പി.എം -ലീഗ് സംഘര്‍ഷമുണ്ടായത്. ഇതിനെ തുടര്‍ന്നായിരുന്നു സംഭവം. ട്രാഫിക് ഐലന്‍ഡില്‍ സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊലിസ് നിര്‍ദേശം അവഗണിച്ച് ചുവന്ന പെയിന്റടിച്ചിരുന്നു. തുടര്‍ന്ന് 200 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും ട്രാഫിക് ഐലന്‍ഡില്‍ പൊലിസ് ബുക്ക്ഡ് എന്നെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഇതും മായ്ച്ച് സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ട്രാഫിക് ഐലന്‍ഡില്‍ ചുവന്ന പെയിന്റടിച്ചിരുന്നു. പ്രശ്‌നം വഷളായ സാഹചര്യത്തില്‍ പൊലിസ് തന്നെ മുന്‍കൈയെടുത്ത് സി.പി.എം- ലീഗ് നേതാക്കളുടെ യോഗം വിളിക്കുകയും പൂര്‍വസ്ഥിതി തുടരാന്‍ തീരുമാനിച്ച് ഒത്തുതീര്‍പ്പിലെത്തുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."