പാരമ്പര്യ നെല്‍വിത്ത് സംരക്ഷണ പദ്ധതി ആരംഭിച്ചു
മാനന്തവാടി: വയനാടില്‍ പാരമ്പര്യമായി ഉപയോഗിച്ച് കൊണ്ടിരുന്നതും ഇപ്പോള്‍ അന്യം നിന്ന് കൊണ്ടിരിക്കുന്നതുമായ നെല്‍വിത്ത് സംരഷണ പദ്ധതി എടവകയില്‍ ആരംഭിച്ചു. പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് കുഞ്ഞുവീട് വയലില്‍ പാരമ്പര്യ നെല്‍വിത്ത് സംരക്ഷണത്തിനായി കൃഷി ഇറക്കിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച 15 ഇനം വിത്തുകളാണ് ഇപ്പോള്‍ കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ അഞ്ച് ഇനങ്ങള്‍ കൂടി കൃഷിക്കായി ഉപയോഗിക്കും. 60 വര്‍ഷം മുന്‍പ് ജില്ലയില്‍ നെല്‍കൃഷിക്കായി ഉപയോഗിച്ചിരുന്ന കൊതാണ്ടന്‍ മറ്റ് പാരമ്പര്യ ഇനങ്ങളായ വലിയ ചെന്നല്ല്, മുള്ളന്‍കയ്മ, ചോമാല, രക്തശാലി എന്നീ വിത്തുകളെല്ലാമാണ് പദ്ധതിയിലൂടെ സംരക്ഷിക്കുന്നത്. വര്‍ഷങ്ങളായി മറ്റ് കൃഷികള്‍ ചെയ്തിരുന്നതും കുറച്ച് വര്‍ഷങ്ങളായി തരിശായി കിടന്നിരുന്നതുമായ വയലാണ് കൃഷിക്കായി പാകപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിയില്‍ നിന്നും ലഭിക്കുന്ന അരി വളരെയധികം പോഷക ഗുണമുള്ളതിനാല്‍ തന്നെ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഇത്തരം വിത്ത് ഉപയോഗിച്ച് കൊണ്ടുള്ള കൃഷിയിലൂടെ ഉല്‍പ്പാദനം വളരെയധികം വര്‍ധിക്കുമെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്തുക കൂടിയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജൈവ പരിപാലന സമിതി അംഗം മാനുവല്‍ പറഞ്ഞു.
ഈ വര്‍ഷം ജൈവകൃഷി മാതൃകയായ ജീവാമൃതം രീതിയിലും അടുത്ത വര്‍ഷം പഞ്ചഗവ്യം രീതിയിലുമാണ് കൃഷി ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഞാറ് നട്ട് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ നിര്‍വഹിച്ചു. നജ്മുദ്ദീന്‍ മുടമ്പത്ത്, ആഷ മെജോ, എച്ച്.ബി പ്രദീപ്, മൊയ്തു മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."