ഇവിടെയൊരു തൂക്കുപാലം വന്നു...പോയി..!
തൃക്കരിപ്പൂര്‍: കവ്വായി കായലിലൂടെ വിനോദസഞ്ചാരികളെയും കൊണ്ടു വഞ്ചിവീടുകള്‍ പോകുമ്പോള്‍ അതിലുള്ള ഗൈഡുമാര്‍ സഞ്ചാരികളോടു പറയും, ഇവിടെ തൂക്കുപാലമുണ്ടായിരുന്നു. എല്ലാം തകര്‍ന്നു വെള്ളത്തില്‍ പോയി. നാടിനു സമര്‍പ്പിച്ച് 58 ദിവസം പിന്നിടുമ്പോഴാണു പാലം കായലിലേക്കു തകര്‍ന്നു വീണത്. പാലം തകര്‍ന്നത് അന്വേഷിക്കാന്‍ രണ്ടു വിജിലന്‍സ് ഗ്രൂപ്പ് വരെ രംഗത്തെത്തി. കാലമേറെ പിന്നിട്ടു. എന്നിട്ടും കാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ലത്രെ.
ഇനി തൂക്കുപാലം വേണ്ടെന്ന് ഉറപ്പിച്ചുപറയുന്ന തീരദേശ ജനത തങ്ങള്‍ക്കു വേണ്ടതു റോഡ് പാലമാണെന്ന് ആവശ്യപ്പെടുന്നു. കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യത മുന്നില്‍ കണ്ട് 2013 ഏപ്രില്‍ 29നു തുറന്ന മാടക്കാല്‍ തൂക്കുപാലം ജൂണ്‍ 27നു തകര്‍ന്നു വീഴുന്നതുവരെയുള്ള 58 ദിവസം ടൂറിസം മേഖലക്ക് നിറക്കൂട്ടായിരുന്നു.
ഏഴിമലയുടെയും കവ്വായി കായലിന്റെയും മനോഹാരിത ഈ പാലത്തിനു മുകളില്‍ നിന്നാല്‍ സുന്ദരമായി കാണാമായിരുന്നു. അതുകൊണ്ടു തന്നെ നിറഞ്ഞ ആള്‍ക്കൂട്ടമായിരുന്നു പാലത്തിലെന്നുമുണ്ടായിരുന്നത്.
24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ മേഖലയിലെ ജനത്തിന്റെ യാത്രാദുരിതത്തിനു പരിഹാരമേകുക എന്ന ലക്ഷ്യത്തോടെ ദുരന്ത നിവാരണ വകുപ്പില്‍ നിന്നു ലഭിച്ച നാലുകോടിയോളം രൂപ ഉപയോഗിച്ചാണു പാലം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."