കാടിറങ്ങുന്ന ആനയെ പിടിച്ച് മേനകാ ഗാന്ധിയുടെ വീട്ടിലെത്തിക്കണം: പി.സി ജോര്‍ജ്
ആലത്തൂര്‍: ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനയെ വാരിക്കുഴി കുഴിച്ച് പിടികൂടി കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ വീട്ടിലെത്തിക്കണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ. കാട്ടാന നാട്ടില്‍ ഇറങ്ങുമ്പോള്‍ ഓലപ്പടക്കം പൊട്ടിച്ചു കളിക്കുകയാണ് വനം, പൊലിസ്, റവന്യു വകുപ്പുകള്‍. കേരള ജനപക്ഷം പാലക്കാട് ജില്ല പ്രവര്‍ത്തക സമ്മേളനം തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ കാടിന്റെ വിസ്തൃതിക്കനുസൃതമായി കാട്ടുമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം. ഇതിനായി പുതിയ നിയമം ഉണ്ടാക്കണം. മനുഷ്യ ജീവനേക്കാള്‍ വില ആനക്കും കാട്ടുപന്നിക്കും തെരുവ് നായക്കും ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. അക്രമകാരികളായ മൃഗങ്ങളെ വെടിവച്ച് കൊല്ലുകയാണ് വേണ്ടതെനന്ന് പി.സി ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിത, യുവജന, പട്ടികജാതി കമ്മീഷനുകള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. അതിന്റെ അധ്യക്ഷനും അംഗങ്ങളും ഭരണ കക്ഷി നോമിനികളായി വരുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാടന്‍ കര്‍ഷകന്‍ രക്ഷപ്പെട്ടാല്‍ കേരളം രക്ഷപ്പെടും. ഭക്ഷ്യ സ്വയംപര്യപ്തത സ്വപനമായി അവശേഷിപ്പിച്ചതിന് ഇടത്-വലത് മുന്നണികള്‍ ഉത്തരവാദികളാണ്. കര്‍ഷകര്‍ നെല്ലളന്നാലുടന്‍ വില അക്കൗണ്ടില്‍ എത്തിക്കുമെന്ന കൃഷ്മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാല്‍ നേരത്തേ അളന്ന നെല്ലിന്റെ വില കുടിശ്ശിക എന്ന് കൊടുക്കുമെന്ന് കൂടി പറയണം. തെങ്ങ്, റബ്ബര്‍ കര്‍ഷകര്‍ നിലനില്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്. ജി.എസ്.ടി വന്നതോടെ റബ്ബര്‍ തടി വ്യവസായ മേഖല തകര്‍ന്നു. അന്തര്‍സംസ്ഥാന നദീജല കരാറില്‍ തമിഴ്‌നാടിന് അനുകൂലമായ വ്യവസ്ഥകള്‍ നടപ്പാക്കി. കേരളത്തിനുവേണ്ടുന്ന വ്യവസ്ഥകള്‍ നടപ്പാക്കാന്‍ കഴിയാതെപോയതാണ് ദുര്യോഗം.
കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി കൊണ്ടുവരുന്നതിനെതിരായ സി.പി.എം കേന്ദ്ര കമ്മിറ്റി പ്രമേയത്തിന് വിരുദ്ധമായി ജി.എസ്.ടിയുടെ വ്യക്താവായി മോഡിക്ക് ഒപ്പം നില്‍ക്കുന്ന മന്ത്രി തോമസ് ഐസക്കിനെതിരേ എന്ത് നടപടിയെടുക്കുമെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. ഇതില്‍ ബി.ജെ.പിയുമായി ധാരണക്കുള്ള ഒളിഞ്ഞ അജണ്ടയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
നിര്‍മാണ തൊഴിലാളികളുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിതം ദുഷ്‌കരമായി. വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ല. തമിഴ്‌നാട്ടില്‍ സൗജന്യങ്ങള്‍ നല്‍കിയ ജയലളിതയെ അഴിമതിക്കാരിയെന്ന് വിളിക്കുല്ലന്നവര്‍ക്ക് ഇവിടെ രണ്ട് കിലോ അരിപോലും സൗജന്യം കൊടുക്കാന്‍ കഴിയുന്നില്ലെന്ന് ജോര്‍ജ് പരിഹസിച്ചു.
ജയന്‍ മമ്പറം അധ്യക്ഷനായി. എസ്. ഭാസ്‌കരപിള്ള, എം.ടി. ജോസഫ്, മാലേത്ത് പ്രതാപ ചന്ദ്രന്‍, ഷാജി പാലാത്ത്, കെ. വിവേകാനന്ദന്‍, പി.കെ. കൃഷ്ണന്‍, ഷമീര്‍ തോട്ടിങ്ങല്‍, പി.സി. ചെന്താമര, മെഹര്‍ബാന്‍, പ്രേമ നടരാജന്‍, ഡോ. ലാല്‍, മാത്യു, ബാലചന്ദ്രന്‍ സംസാരിച്ചു. നിയോജക മണ്ഡലം തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികള്‍ പങ്കെടുത്തു.
അന്താരാഷ്ട്ര കായിക താരം പി.യു ചിത്ര, ദേശീയ ബോക്‌സിങ് താരം അഞ്ജന കല്ലേപ്പുള്ളി, ഇന്ത്യന്‍ സബ് ജൂണിയര്‍ കരാട്ടേ ചാംപ്യന്‍ ആദര്‍ശ്, സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക പുരസ്‌കാര ജേതാവ് സ്വപ്ന ജയിംസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കല്ലേപ്പുള്ളി രാജേന്ദ്രന്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് ജേതാക്കള്‍ എന്നിവരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."