സിവില്‍ സ്റ്റേഷന്‍ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് ഉദ്ഘാടനം അടുത്ത മാസം
കൊട്ടാരക്കര: നാടിന്റെ ചിരകാല സ്വപ്നമായ മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം അടുത്ത മാസം ആദ്യവാരത്തില്‍ നടക്കും.
കൊട്ടാരക്കരയ്ക്കുള്ള ഓണസമ്മാനമാകും ഇതെന്ന് അയിഷാപോറ്റി എം.എല്‍.എ. പറഞ്ഞു. നഗരത്തിലും നഗര പ്രാന്തങ്ങളിലും വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവില്‍ സ്റ്റേഷന്‍ എന്ന ആശയം രൂപപ്പെട്ടത്. 2006ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് മിനി സിവില്‍ സ്റ്റേഷന് ശിലയിട്ടത്. ഫണ്ട് അനുവദിക്കുകയും നിര്‍മാണം തുടങ്ങുകയും ചെയ്‌തെങ്കിലും ഒട്ടേറ പ്രതിസന്ധികള്‍ ഉടലെടുത്തതുമൂലം നിര്‍മാണം നീണ്ടുപോയി.
9.65 കോടി രുപയ്ക്കായിരുന്നു കെട്ടിട നിര്‍മാണം കരാര്‍ ചെയ്യപ്പെട്ടത്. നിര്‍മാണം ആരംഭിച്ചശേഷം തുക കൂട്ടി നല്‍കണമെന്ന ആവശ്യവുമായി കരാറുകാരന്‍ രംഗത്തെത്തി. ഇതിന് സര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കരാറുകാരന്‍ പണി നിര്‍ത്തിവച്ചു. പല ഘട്ടങ്ങളിലും ഇത് ആവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് കോടതി ഉത്തരവിനെ തുടര്‍ന്നാണ് കരാറുകാരന്‍ ഇപ്പോള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ താഴത്തെ നിലയും ഒന്നാം നിലയുമാണ് പ്രവര്‍ത്തന സജ്ജമാക്കുന്നത്. ഉദ്ഘാടന ശേഷം രണ്ടും മൂന്നും നിലകളുടെ പണികള്‍ പൂര്‍ത്തീകരിക്കും. ഒന്നാം ഘട്ടത്തിന്റെ വൈദ്യുതീകരണം, പെയിന്റിങ്, ഗ്രൗണ്ട് ഒരുക്കല്‍ ജോലികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇതും അന്തിമ ഘട്ടത്തിലാണ്. വൈദ്യുതീകരണത്തിനായി 8,29,000 രുപ കൂടി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ താഴത്തെ നിലയില്‍ താലൂക്ക് ഓഫിസ്, സബ്ട്രഷറി, ജില്ലാ ട്രഷറി, എന്നീ ഓഫിസുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
ഒന്നാം നിലയില്‍ ആര്‍.ടി.ഒ ഓഫിസ്, താലൂക്ക് സപ്ലെ ഓഫിസ്, എംപ്ലോയ്‌മെന്റ് ഓഫിസ്, വ്യവസായ ഓഫിസ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫിസ്, ലേബര്‍ ഓഫിസ്, ഐ.സി.ഡി.പി ഓഫിസ് എന്നിവയും ക്രമീകരിക്കും. ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിനിടയില്‍ ഉദ്ഘാടനത്തെ സംബന്ധിച്ച് അന്തിമ രൂപം ഉണ്ടായേക്കും. മുഖ്യമന്ത്രിയുടെ സൗകര്യം കണക്കിലെടുത്താണ് ഉദ്ഘാടന തിയതി നിശ്ചയിക്കുക.
മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗരത്തിന്റെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ കയറി ഇറങ്ങേണ്ടുന്ന ഗതികേടില്‍ നിന്നു ജനങ്ങള്‍ക്ക് മോചനമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."