കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീങ്ങുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 300 യാത്രക്കാരെ വരെ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കുന്നു. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ), ലാന്റിങുമായി ബന്ധപ്പെട്ട സാങ്കേതികത്വം തുടങ്ങിയവ പരിഹരിച്ചാല്‍ ബോയിങ് 777-200 ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് അനുമതി നല്‍കാമെന്നറിയിച്ചുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ)കത്താണ് വിമാനത്താവളത്തില്‍ ലഭിച്ചത്. ബോയിങ് 777-200 വിഭാഗത്തില്‍പെടുന്ന ഇത്തരം വിമാനങ്ങള്‍ക്ക് അനുമതി ലഭ്യമായാല്‍ ജിദ്ദ, ഹജ്ജ് സര്‍വിസുകള്‍ പുനരാരംഭിക്കാനാകും. 250 മുതല്‍ 300 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനും കാര്‍ഗോ കയറ്റുമതി വര്‍ധിപ്പിക്കാനും സാധിക്കും. ഇതോടെ വിമാനത്താവളത്തിന്റെ കോഡ് കാറ്റഗറി ഡി യില്‍ നിന്ന് ഇ ആയും മാറും.
കഴിഞ്ഞ ഏപ്രില്‍ 22ന് വിമാനത്താവളത്തില്‍ പരിശോധന നടത്തിയ ഡി.ജി.സി.എ, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവരുടെ സംയുക്ത സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നിലവിലെ റണ്‍വേയുടെ നീളമനുസരിച്ച് ബോയിങ് 777-200 ഇനത്തില്‍പെടുന്ന വിമാനങ്ങള്‍ക്ക് ചില ഉപാധികളോടെ അനുമതി നല്‍കാനാണ് തീരുമാനമെന്നറിയുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി, വിമാനകമ്പനികള്‍, മറ്റ് വിമാനത്താവള ഏജന്‍സികള്‍, എയര്‍ ട്രാഫിക് വിഭാഗം എന്നിവയെ ഉള്‍പ്പെടുത്തി വിമാനത്താവളത്തില്‍ ലഭ്യമാക്കാവുന്ന സൗകര്യങ്ങളെ കുറിച്ച് പഠനം നടത്തി സാങ്കേതിക കരുക്കഴിക്കണമെന്നാണ് ഇതിനായി ഡി.ജി.സി.എ മുന്നോട്ട് വച്ച പ്രധാന ഉപാധി.
കരിപ്പൂരില്‍ റണ്‍വേയുടെ അറ്റത്ത് ഒരുക്കിയ റിസ നിലവില്‍ 90 മീറ്റര്‍ വീതിയിലും നീളത്തിലുമാണുള്ളത്. ഇത് 90 മീറ്റര്‍ വീതിയിലും 240 മീറ്റര്‍ നീളത്തിലുമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയാല്‍ പിടിച്ചു നിര്‍ത്തുന്ന ചതുപ്പുപോലുള്ള സ്ഥലമാണ് റിസ. റിസയുടെ വിസ്തീര്‍ണം വര്‍ധിക്കുന്നതോടെ ബോയിങ് 747 ഒഴികെയുള്ള വിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനാകും. റണ്‍വേയിലെ ലൈറ്റുകള്‍, ലാന്റിങിനെ സഹായിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുടെ ശക്തിയും വര്‍ധിപ്പിക്കണം.
പൈലറ്റുമാര്‍, എന്‍ജിനീയറിങ് വിഭാഗം എന്നിവരുമായി കൂടിയാലോചിച്ച് വേണം ഇത് നടപ്പിലാക്കാന്‍. ലാന്റിങിലെ ആകാശ കാഴ്ചയടക്കം പരിശോധന നടത്തണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.
നിര്‍ദേശിച്ച സജ്ജീകരണങ്ങള്‍ പരിശോധിച്ച് ബോധ്യമായാല്‍ ഡി.ജി.സി.എ അനുമതി നല്‍കുന്നതോടെ രണ്ട് വര്‍ഷത്തിലേറെയായി നിലച്ച ജിദ്ദ, ഹജ്ജ് സര്‍വിസുകള്‍ അടുത്ത വര്‍ഷത്തോടെ കരിപ്പൂരില്‍ നടത്താനാകും. 2015 മെയ് മുതലാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. ബോയിങ് 777-200 വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ സഊദി എയര്‍ലെന്‍സ്, എമിറേറ്റ്‌സ്, എയര്‍ഇന്ത്യ തുടങ്ങിയവക്ക് സര്‍വിസ് പുനരാരംഭിക്കാനാകുമെന്ന് വിമാനത്താവള ഡയറക്ടര്‍ രാധാകൃഷ്ണ പറഞ്ഞു. ഡി.ജി.സി.എയുടെ ഉപാധികളും നിര്‍ദേശങ്ങളും നടപ്പിലാക്കാനുള്ള നടപടികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇതിനകം തുടങ്ങിയിട്ടുണ്ട്.
ബാഗേജില്‍ സുരക്ഷാ ടാഗ് പതിക്കുന്നത് നിര്‍ത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കൂടെ കൊണ്ടുപോകുന്ന ബാഗേജുകളില്‍ സൂക്ഷാ ടാഗ് പതിക്കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍ത്തലാക്കി. ആദ്യഘട്ടമെന്ന നിലയില്‍ ആഭ്യന്തരയാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ഈ മാസം 27 വരെയാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നടപടി.
രാജ്യവ്യാപകമായി വ്യോമയാനമന്ത്രാലയവും വിമാനത്താവളസുരക്ഷാ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷാസേനയും ചേര്‍ന്ന് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ ബാഗേജുകള്‍ എക്‌സ്‌റേ പരിശോധന നടത്തിയശേഷം തുറക്കാനാവാത്ത തരത്തില്‍ സുരക്ഷാ ടാഗ് പതിക്കുകയാണ് ചെയ്തിരുന്നത്.
ഈ സീല്‍ ഉള്ള ബാഗേജുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് കൈവശം വയ്ക്കാന്‍ അനുവദിച്ചിരുന്നതും വിമാനത്തില്‍ കയറ്റിയിരുന്നതും. ഈ സീല്‍ നീക്കി ബാഗേജുകള്‍ തുറക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ഈ വര്‍ഷം ആദ്യത്തിലാണ് നിയമത്തില്‍ അയവു വരുത്താന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും കേന്ദ്ര വ്യവസായ സുരക്ഷാ സേനയും ചേര്‍ന്ന് തീരുമാനിച്ചത്. പദ്ധതി വിജയമാണെന്ന് കണ്ടാല്‍ കരിപ്പൂരില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ഈ സൗകര്യം ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."