രാജ്യസഭാ തെരഞ്ഞെടുപ്പ്: പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി
അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവും രാജ്യസഭാ സ്ഥാനാര്‍ഥിയുമായിരുന്ന ബല്‍വന്ദ് സിങ് രജ്പുത്ത് ഹൈക്കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി ചോദ്യം ചെയ്താണ് അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നലെ ഹരജി പരിഗണിച്ച ജസ്റ്റിസ് ബെല ത്രിവേദി തെരഞ്ഞെടുപ്പ് കമ്മിഷന്, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, വോട്ടുകള്‍ അസാധുവായ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരായ രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നിവര്‍ക്ക് നോട്ടിസ് അയക്കാന്‍ ഉത്തരവിട്ടു. രജ്പുത്തിന് തെരഞ്ഞെടുപ്പില്‍ 38 വോട്ടുകളാണ് ലഭിച്ചിരുന്നത്. അഹമ്മദ് പട്ടേലിനാകട്ടെ 44 വോട്ടുകളും അമിത്ഷായ്ക്കും ഇറാനിക്കും 46 വീതം വോട്ടുകളും ലഭിച്ചു.
നിയമസഭയില്‍ കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന രജ്പുത്ത്, രാജ്യസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."