യു.ഡി.എഫ് എം.എല്‍.എമാരുടെ സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ മാണിയെത്തി
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭാകവാടത്തില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളെത്തി.
സമരം രണ്ടാം ദിവസത്തിലേക്കു കടന്ന ഇന്നലെ യു.ഡി.എഫ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കെ.എം മാണി, പി.ജെ ജോസഫ് , മോന്‍സ് ജോസഫ്, സി.എഫ് തോമസ്, എന്‍. ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സമരം ചെയ്യുന്നവര്‍ക്ക് അഭിവാദ്യവുമായി എത്തിയത്. മന്ത്രിസ്ഥാനത്തു തുടര്‍ന്നാല്‍ കേസ് അന്വേഷണത്തെ ബാധിക്കുകയില്ലേ എന്ന കോടതി പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്ന് താന്‍ ഉടന്‍ രാജിവയ്ക്കുകയായിരുന്നെന്ന് അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ച മാണി പറഞ്ഞു. ഇപ്പോള്‍ മന്ത്രി ശൈലജയ്‌ക്കെതിരേ ഉണ്ടായത് വ്യക്തമായ കോടതി പരാമര്‍ശമാണ്. ഇങ്ങനെയൊരു പരാമര്‍ശമുണ്ടായിട്ടും രാജിവയ്ക്കാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ഒരു മന്ത്രിയെ ഇന്ത്യയില്‍ മറ്റെവിടെയും കാണാനാവില്ല. ഈ വിഷയത്തില്‍ നമ്മള്‍ ഒരേ ലക്ഷ്യത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്നും മാണി പറഞ്ഞു.
പിന്നീട് സഭയിലേക്കു വരികയായിരുന്ന വി.എസ് അച്യുതാനന്ദനോട് മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെടാന്‍ യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യത്തിലൂടെ പറഞ്ഞതു കൗതുകമായി. ലിഫ്റ്റില്‍ നിന്നിറങ്ങി വി.എസ് സത്യഗ്രഹികളുടെ മുന്നിലൂടെ സഭാകവാടത്തിലേക്കു നീങ്ങുമ്പോഴാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇതു കേട്ട് ചിരിച്ചുകൊണ്ട് മറുപടിയൊന്നും പറയാതെ വി.എസ് നടന്നുനീങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."