മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട; ബില്ലുകള്‍ പാസാക്കി
തിരുവനന്തപുരം: മദ്യശാലകളുടെ നടത്തിപ്പിന് അനുമതി നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളയുന്നതിനുള്ള കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ നിയമസഭ പാസാക്കി. ഇനി എക്‌സൈസ് വകുപ്പ് നല്‍കുന്ന ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കുകയും നിലവിലുള്ളവ മാറ്റിസ്ഥാപിക്കുകയും ചെയ്യാമെന്ന് ബില്ലുകളില്‍ വ്യവസ്ഥ ചെയ്യുന്നു.
പഞ്ചായത്ത് രാജ്- നഗരപാലിക നിയമം ഭേദഗതി ചെയ്തു പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ക്കു പകരമായാണ് ഭേദഗതി ബില്ലുകള്‍ കൊണ്ടണ്ടുവന്നത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മദ്യശാലകള്‍ക്കു മേല്‍ പഞ്ചായത്തുകള്‍ക്കുള്ള അധികാരം പൂര്‍ണമായി ഇല്ലാതാകും. പുതിയ മദ്യശാലകള്‍ തുറക്കാനും ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയിലുള്ളവ മാറ്റി സ്ഥാപിക്കാനും എക്‌സൈസ് വകുപ്പിന്റെ അനുമതി മാത്രം മതിയാകും.
സുപ്രിം കോടതി വിധിപ്രകാരം ദേശീയപാതയോരങ്ങളില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ പുതിയ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പലയിടങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കാത്തതിനാല്‍ തടസ്സം നേരിട്ടിരുന്നു. കൂടാതെ പ്രാദേശിക തലങ്ങളില്‍ വലിയ എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. ഇതു മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടണ്ടുവന്നത്.
തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിനു വേണ്ടണ്ടി മന്ത്രി എ.കെ ബാലനാണ് ബില്ലുകള്‍ അവതരിപ്പിച്ചത്. മദ്യശാലകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം എക്‌സൈസ് വകുപ്പിനു മാത്രമാകുന്നതോടെ പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നും മദ്യശാലകള്‍ക്കു മേല്‍ രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ ഇല്ലാതാകുമെന്നും ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ മന്ത്രി പറഞ്ഞു.
പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച സാഹചര്യത്തില്‍ അവരുടെ അസാന്നിധ്യത്തിലാണ് ബില്ലുകള്‍ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."