ഇടുക്കി-ചെറുതോണി ഡാമുകള്‍ ഇന്നു മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും
ചെറുതോണി: ഓണം സീസണോടനുബന്ധിച്ച് ഇന്നുമുതല്‍ സപ്തംബര്‍ 15 വരെ ഇടുക്കി-ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനാനുമതി ലഭ്യമായിട്ടുള്ളതായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു. കുറവന്‍ കുറത്തി മലകളുടേയും വൈശാലി ഗുഹയുടേയും മനോഹാരിതയും രാജ്യത്തിനഭിമാനമായ ആര്‍ച്ചു ഡാമും കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് അടുത്തുകാണാന്‍ കഴിയും.
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഡാമിനു മുകളില്‍ കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ സൗകര്യവും ലഭ്യമാണ്. ഒരാള്‍ക്ക് ചെറുതോണി-ഇടുക്കി ഡാമിന് മുകളില്‍ കൂടി സഞ്ചരിച്ച് തിരികെ എത്തുന്നതിന് 40 രൂപയാണ് നിരക്ക്. ഇതോടൊപ്പം ഇടുക്കി റിസര്‍വോയറില്‍ ബോട്ടിങ് സൗകര്യവും സന്ദര്‍ശകര്‍ക്കു ലഭ്യമാക്കുന്നുണ്ട്. 20 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ബോട്ടാണ് ഇടുക്കി വൈല്‍ഡ് ലൈഫ് വിഭാഗം ഒരുക്കിയിട്ടുള്ളത്. വനം വികസന ഏജന്‍സി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ച് കാണുന്നതിനും കാനനഭംഗി ആസ്വദിക്കത്തക്കവിധവുമുള്ള യാത്രയ്ക്ക് ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. കൂടാതെ ഓണം അവധി ദിവസങ്ങളില്‍ റിസര്‍വോയറില്‍കൂടി 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടും ക്രമീകരിക്കും.
സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഒഴിവു ദിവസങ്ങളിലും ഇപ്പോള്‍ സന്ദര്‍ശനം അനുവദിച്ചുവരുന്നു. ഇടുക്കി ആര്‍ച്ച് ഡാമും ഹില്‍വ്യൂ പാര്‍ക്കും കാല്‍വരിമൗണ്ട് മലനിരകളും ജലാശയവും ഇതിനോടുചേര്‍ന്നുള്ള വനപ്രദേശങ്ങളും കാണുന്നതിനായി ഒഴിവുദിവസങ്ങളില്‍ നൂറു കണക്കിന് സന്ദര്‍ശകരാണ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്. നിലവില്‍ സെപ്റ്റംബര്‍ 15 വരെയാണ് പ്രവേശനാനുമതി ലഭിച്ചിട്ടുള്ളതെങ്കിലും അത് 30 വരെ നീട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."