നിര്‍മാണ മേഖല പ്രതിസന്ധിയിലാകുമെന്ന് ആശങ്ക
മുക്കം: സംസ്ഥാനത്തെ വന്‍കിട ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവ് നല്‍കിയ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ നിരവധി ക്വാറികളുടെ പ്രവര്‍ത്തനം അവതാളത്തിലാകും.
ക്വാറികളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതോടെ എം സാന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ ദുര്‍ലഭമാകുകയും ഇത് നിര്‍മാണമേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവെച്ചേക്കുമെന്നും ആശങ്കയുയര്‍ന്നിട്ടുണ്ട്. പാട്ടത്തിനെടുത്ത ക്വാറികള്‍ക്ക് വേണ്ടി നിയമം വളച്ചൊടിക്കുന്നത് അനുവദിക്കില്ലെന്ന് സ്റ്റേ ഉത്തരവില്‍ ട്രിബ്യൂണല്‍ വ്യക്തമാക്കുന്നുണ്ട്. പാരിസ്ഥിതിക അനുമതി ഇല്ലാതെ സംസ്ഥാനത്ത് 200 ലധികം വന്‍കിട ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലത്തിനും പാരിസ്ഥിതിക അനുമതി വേണമെന്ന് 2015 ല്‍ സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു. അനുമതി ഇല്ലാത്ത ക്വാറികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോടതി ലീസ് ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നേടാന്‍ മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. എന്നാല്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാണെന്ന് കാണിച്ച് സുപ്രീം കോടതി ഉത്തരവ് മറി കടക്കാന്‍ 2016 ഡിസംബര്‍ 19 ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ഒരുത്തരവ് പുറത്തിറക്കുകയായിരുന്നു. പാട്ടത്തിനെടുത്ത വന്‍കിട ക്വാറികള്‍ക്ക് നിലവില്‍ പരിസ്ഥിതി അനുമതി വേണ്ടെന്നായിരുന്നു മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ നിലപാട്. പാട്ട ക്വാറികളുടെ കാര്യത്തില്‍ പാട്ട കാലാവധി കഴിഞ്ഞ് വീണ്ടും അനുമതിക്കായി സര്‍ക്കാറിനെ സമീപിക്കുമ്പോള്‍ മാത്രം സുപ്രിം കോടതി നിര്‍ദേശം പരിഗണിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മുപ്പത് വര്‍ഷം വരെ പാട്ട കാലാവധിയുള്ള നൂറിലധികം ക്വാറികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."