ഗുര്‍മീത് സിങ് നിരവധിതവണ ഇടുക്കിയിലെത്തി
തൊടുപുഴ: പീഡനത്തിന് അഴിക്കുള്ളിലായ വിവാദ സിഖ് പുരോഹിതന്‍ ഗുര്‍മീത് റാം റഹീം സിങ് നിരവധി തവണ ഇടുക്കി സന്ദര്‍ശിച്ചു.
മൂന്നാറിലോ വാഗമണ്ണിലോ ആശ്രമം സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി മൂന്നാര്‍ പോതമേട്ടില്‍ 50 ഏക്കറും വാഗമണ്ണില്‍ 300 ഏക്കറും കണ്ടെത്തിയെങ്കിലും കച്ചവടം നടന്നില്ല.
ഏഴു വര്‍ഷം മുന്‍പ് വന്‍ കോലാഹലത്തോടെയായിരുന്നു സ്വാമിയുടെ ആദ്യവരവ്. 2010 ജൂണ്‍ 16 മുതല്‍ 27 വരെയായിരുന്നു കനത്ത സുരക്ഷയുമായി മൂന്നാറിലും തേക്കടിയിലുമെത്തിയത്.
ഒന്‍പതു ദിവസം മൂന്നാറിലും ഒരുദിവസം തേക്കടിയിലും താമസിച്ചാണു അന്ന് ദേര സച്ച തലവന്‍ കേരളം വിട്ടത്. സ്വകാര്യ സുരക്ഷാ സേനയടക്കം 80 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ആഡംബര കാറിലായിരുന്നു സ്വാമിയുടെ യാത്ര. സ്വാമിയുടെ അകമ്പടി വാഹനം ഇടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലായിരുന്നു സഞ്ചാരം. ജൂണ്‍ 27ന് സ്വാമിയും സംഘവും മൂന്നാറില്‍ നിന്ന് ഉദുമല്‍പ്പേട്ട, പഴനി വഴി കൊടൈക്കനാലിലേക്കാണ് പോയത്.
മടക്കത്തിനിടെ സ്വാമി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത് പൊലിസിനെയും വിനോദസഞ്ചാരികളെയും ഒരുപോലെ വലയ്ക്കുകയും ചെയ്തു.
മടക്ക യാത്രക്കിടെ മൂന്നാര്‍ മറയൂര്‍ പാതയിലുള്ള ലക്കം വെള്ളച്ചാട്ടം കാണാനായി സ്വാമിയും സംഘവും വാഹനം നിര്‍ത്തി. പത്തു മിനിറ്റുമാത്രമേ ഇവിടെ ചെലവഴിക്കൂ എന്നാണു ഒപ്പമുണ്ടായിരുന്ന പൊലിസിനെ അറിയിച്ചത്.
എന്നാല്‍ വെള്ളച്ചാട്ടം കണ്ടതോടെ സ്വാമി കുളിക്കാനിറങ്ങി. ഇതോടെ ഇവിടെ നിന്നിരുന്ന വിനോദസഞ്ചാരികളെ പൊലിസും സ്വാമിയുടെ സുരക്ഷാ സേനയും ചേര്‍ന്നു ഓടിച്ചു. പിന്നീട് വിനോദസഞ്ചാരികളെ മൂന്നു മണിക്കൂറോളം വെള്ളച്ചാട്ടം കാണാന്‍ അനുവദിച്ചില്ല.
രാവിലെ ഒന്‍പതരയോടെ വെള്ളച്ചാട്ടത്തിലെത്തിയ സ്വാമി ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു മടങ്ങിയത്.
2014 ല്‍ വാഗമണ്ണില്‍ വന്ന ഗുര്‍മീത് റാം റഹീം സിങ് മെഡിക്കല്‍ ക്യാംപും തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണ വിതരണവുമൊക്കെ നടത്തിയിരുന്നു.
ഇവിടെ സ്‌കൂളും ആശുപത്രിയും ഉടന്‍ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."