രാത്രി ബൈക്കില്‍ പോയ കുടുംബത്തെ പൊലിസ് ജീപ്പില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തി
ഹരിപ്പാട്: രാത്രി ബൈക്കില്‍ സഞ്ചരിച്ച കുടുംബത്തെ പൊലിസ് ജീപ്പില്‍ പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തി. പരുക്കേറ്റ വീട്ടമ്മയുടെ നില ഗുരുതരമാണ്. ദമ്പതികളും മകളും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിലാണ് പൊലിസ് ജീപ്പിടിച്ച് കയറ്റിയത്.
കണ്ണമംഗലം മൂര്‍ത്തി അയ്യത്ത് ശ്രീധരന്‍ (46), ഭാര്യ ബിന്ദു (45), മകള്‍ ആതിര എന്നിവരാണ് ബൈക്കില്‍ സഞ്ചരിച്ചത്. റോഡില്‍ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിന്ദു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഹരിപ്പാട് വീയപുരം റോഡില്‍ പ്രതിമുഖം ജംഗ്ഷന് സമീപമായിരുന്നു സംഭവം. ബിന്ദുവിന്റെ പായിപ്പാട്ടെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കണ്ണമംഗലത്തെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് ഇവരെ ജീപ്പില്‍ പിന്തുടര്‍ന്നെത്തിയ വീയപുരം പൊലിസ് ഇടിച്ചിട്ടത്.
പൊലിസ് യാതൊരു പ്രകോപനവും കൂടാതെ ബൈക്കിന് പിന്നില്‍ ഇടിച്ചിടുകയായിരുന്നെന്ന് ശ്രീധരന്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലിരുന്ന ബിന്ദു റോഡില്‍ തെറിച്ച് വീണു. ശ്രീധരനും, മകള്‍ ആതിരയും കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
അപകടം നടന്നയുടന്‍ ആള്‍ക്കാര്‍ ഓടിക്കൂടുന്നത് കണ്ട് പൊലിസ് ഇവരെ ഉപേക്ഷിച്ച് കടന്നു. നാട്ടുകാര്‍ അതുവഴി വന്ന മിനി ലോറിയില്‍ കയറ്റിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ജീപ്പ് നിര്‍ത്താനോ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ കൊണ്ടുപോകാനോ തയാറാകാതെ കടന്നു കളഞ്ഞ പൊലിസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഹരിപ്പാട് സ്റ്റേഷന്‍ പരിധിയിലൂടെ സഞ്ചരിച്ച ദമ്പതികളെയാണ് വീയപുരം പൊലിസ് അകാരണമായി കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് ഇടിച്ച് വീഴ്ത്തിയത്.
രാത്രി വൈകി ബന്ധുക്കള്‍ ഹരിപ്പാട് സി.ഐ റ്റി.മനോജിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ സംഭവം നടന്നതായി വീയപുരം പൊലിസ് സമ്മതിച്ചതായും പറയുന്നു.
ഇന്നലെ രാവിലെ ഹരിപ്പാട്ട് നിന്നും പൊലിസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."