ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്
കാന്‍ഡി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് അരങ്ങേറും. ആദ്യ പോരാട്ടത്തില്‍ ആധികാരിക വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ നാടകീയ വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് മുന്നില്‍ നില്ക്കുന്നു.
ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശ്രീലങ്കയാകട്ടെ കൈപ്പിടിയിലൊതുങ്ങിയെന്ന് കരുതിയ മത്സരം കൈവിട്ട് പോയതിന്റെ അങ്കാലാപ്പ് മാറാതെ നില്‍ക്കുകയാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പരയില്‍ ആയുസ് നീട്ടിയെടുക്കുകയാണ് ലങ്ക ലക്ഷ്യമിടുന്നത്.
രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ പരാജയം മുന്നില്‍ കണ്ട ഇന്ത്യയെ മുന്‍ നായകന് ധോണിയും ബൗളര്‍ ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് അവിശ്വസനീയ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് സൃഷ്ടിച്ച മുന്നേറ്റം ഇന്ത്യക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. തന്റെ കന്നി ഏകദിന അര്‍ധ സെഞ്ച്വറിയിലൂടെ ഭുവനേശ്വര്‍ കുമാറാണ് ഏവരേയും അത്ഭുതപ്പെടുത്തിയത്. മുന്‍നിര തകര്‍ന്നാലും അവസാനം വരെ പിടിച്ചുനില്ക്കാന് കെല്‍പ്പുള്ളവര്‍ ടീമിലുണ്ടെന്ന സന്ദേശം എതിരാളികള്‍ക്ക് നല്കാന് ഈ പ്രകടനം കൊണ്ട് സാധിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ വിറപ്പിച്ച അഖില ധനഞ്ജയയുടെ പന്തുകള്‍ നേരിടേണ്ടതിനെ കുറിച്ച് വിശദമായി പഠിച്ചതായി ഇന്ത്യന്‍ നായകന് കോഹ്ലി വ്യക്തമാക്കുന്നു.
രണ്ടാം ഏകദിനത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി കോഹ്ലി നടത്തിയ പരീക്ഷണം പാളിപ്പോയിരുന്നു. മൂന്നാം നമ്പറില്‍ കെ.എല്‍ രാഹുലിനേയും നാലാം നമ്പറില്‍ കേദാര്‍ ജാദവിനേയും ഇറക്കി സ്വയം അഞ്ചാം സ്ഥാനത്തേക്ക് മാറിയ കോഹ്ലിയുടെ തന്ത്രം വിജയം കണ്ടില്ല. ഈ മാറ്റം വിമര്‍ശനം വിളിച്ചുവരുത്തുകയും ചെയ്തു. അതേസമയം ഇന്നും അത്തരം പരീക്ഷണത്തിന് കോഹ്ലി മുതിരുമോ എന്ന് കണ്ടറിയണം. 99 പേരെ സ്റ്റംപ് ചെയ്ത് കുമാര്‍ സംഗക്കാരയുടെ ലോക റെക്കോര്‍ഡിനൊപ്പമെത്തിയ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണിക്ക് ഇന്ന് ഒരു സ്റ്റംപിങ് കൂടി നടത്തിയാല്‍ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റാം. നിലവില്‍ ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയേക്കും.
കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രണ്ട് മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടി വന്ന നായകന് ഉപുല്‍ തരംഗയില്ലാതെയാണ് പരമ്പര തിരിച്ചുപിടിക്കാനുള്ള ലക്ഷ്യവുമായി ഇന്നിറങ്ങുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആശ്വാസം നല്‍കില്ല. ചമര കപുഗദേരയുടെ നായകത്വത്തിന് കീഴില്‍ അടിമുടി മാറ്റം പ്രതീക്ഷിച്ചാണ് ലങ്ക ഇറങ്ങുന്നത്.
രണ്ടാം ഏകദിനത്തില്‍ ധനഞ്ജയയുടെ മികച്ച ബൗളിങിനും അവരെ രക്ഷിക്കാന്‍ സാധിക്കാതെ പോയതാണ് ലങ്കയ്ക്ക് നിരാശ സമ്മാനിക്കുന്നത്. വെറ്ററന്‍ പേസര്‍ ലസിത് മലിംഗയടക്കമുള്ള താരങ്ങളുടെ മികവില്ലായ്മയും അവര്‍ക്ക് തലവേദനയായി നില്ക്കുന്നു. തരംഗയ്ക്ക് പകരം ദിനേഷ് ചാന്‍ഡിമല്‍ ടീമില്‍ തിരിച്ചെത്തിയേക്കും. പരുക്കേറ്റ ധനുഷ്ക ഗുണതിലകയ്ക്ക് പകരം ലഹിരു തിരിമന്നെയും ടീമിലെത്തും.
സാധ്യത ടീം: ഇന്ത്യ- കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ധവാന്, രാഹുല്‍, കേദാര്‍ ജാദവ്, ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുമ്റ.
ശ്രീലങ്ക- കപുഗദേര (ക്യാപ്റ്റന്‍), തിരിമന്നെ, കുശാല്‍ മെന്‍ഡിസ്, ചാന്‍ഡിമല്‍, മാത്യൂസ്, സിരിവര്‍ധന, ധനഞ്ജയ, ചമീര, വിശ്വ ഫെര്‍ണാണ്ടോ, ലസിത് മലിംഗ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."