ജനറേറ്ററില്ല; ഓടത്തെരുവിലെ ഗ്യാസ് ശ്മശാനം പ്രവര്‍ത്തനരഹിതം
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിരവധി വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ ഗ്യാസ് ശ്മശാനം ഇനിയും പ്രവര്‍ത്തനസജ്ജമായല്ല.
പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ജനറേറ്റര്‍ സ്ഥാപിക്കാത്തതാണ് ശ്മശാനം അടഞ്ഞ് കിടക്കാന്‍ കാരണം. പേര് ഗ്യാസ് ശ്മശാനമെന്നാണെങ്കിലും ഗ്യാസില്‍ മൃതദേഹം കത്തിക്കുന്ന പ്രവൃത്തി മാത്രമേ നടക്കൂ. കത്തിക്കുമ്പോഴുണ്ടാവുന്ന പുക വെള്ളത്തിലേക്ക് കടത്തിവിട്ട് ശുദ്ധീകരിച്ച് പുറം തള്ളുന്ന പ്രക്രിയ നടക്കുന്നത് വൈദ്യുതി ഉപയോഗിച്ചാണ്. മൃതദേഹം കത്തിക്കുന്ന സമയത്ത് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടാല്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും അതോടെ നിലക്കും. ഇതിന് പരിഹാരമായി ജനറേറ്റര്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇതാണ് ശ്മശാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണം.
കഴിഞ്ഞ ദിവസം ഒരു മൃതദേഹം കത്തിക്കുമ്പോള്‍ പാതിവഴിയില്‍ വൈദ്യുതി നിലച്ചിരുന്നു. മരിച്ചയാളുടെ ബന്ധുക്കള്‍ ഈ സമയം സംയമനം പാലിച്ചതിനാല്‍ അധികൃതര്‍ രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് ഗ്യാസ് ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. മരിച്ചാല്‍ ശവമടക്കാന്‍ സ്വന്തമായി ഭൂമിയോ ശ്മശാനമോ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആശ്വാസമായി എം.ഐ ഷാനവാസ് എം.പിയാണ് കാരശ്ശേരിയില്‍ ഗ്യാസ് ശ്മശാനത്തിനായി 30 ലക്ഷത്തോളം രൂപ അനുവദിച്ചത്. ശ്മശാനത്തിന്റെ മറ്റ് സൗകര്യങ്ങള്‍ പഞ്ചായത്തും ഒരുക്കി നല്‍കി. ഒരു മാസം മുന്‍പ് ഉദ്ഘാടനവും നടത്തി. എന്നാല്‍ ജനറേറ്ററില്ലാത്തതിന്റെ പേരില്‍ ശ്മശാനം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."