ഏഴ് കോടി വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി റവന്യു വകുപ്പ് പിടിച്ചെടുത്തു
കാക്കനാട്: ജില്ലാസ്ഥാനത്ത് ഭൂവുടമകള്‍ കൈവശപ്പെടുത്തിയ ഏഴ് കോടി വിലമതിക്കുന്ന പുറമ്പോക്ക് ഭൂമി കൂടി റെവന്യു വകുപ്പ് സര്‍ക്കാര്‍ അധീനതയിലാക്കി. കാക്കനാട് അത്താണിക്ക് സമീപം പറമടയിയോട് ചേര്‍ന്ന് വാഴക്കാല സ്വദേശികളായ സഹോദരങ്ങള്‍ കൈവശപ്പെടുത്തിയിരുന്ന 47 സെന്റ് പുറമ്പോക്കാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല നേരിട്ടെത്തി സര്‍ക്കാര്‍ അധീനതയിലാക്കി ബോര്‍ഡ് സ്ഥാപിച്ചത്. വിപണിയില്‍ സെന്റിന് 15 ലക്ഷം രൂപ വിലമതിക്കുന്നതാണിതെന്ന് വില്ലേജ് ഓഫിസര്‍ പി.പി ഉദയകുമാര്‍ പറഞ്ഞു. ഭൂവുമടകളായ സഹോദരങ്ങളുടെ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേര്‍ന്ന് 23 സെന്റ് വീതമാണ് കൈവശപ്പെടുത്തിയിരുന്നത്. 30 വര്‍ഷത്തിലേറെയായി ഭൂവുടകളുടെ കൈവശമിരുന്ന പുറമ്പോക്ക് സ്ഥലം സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ അധീനതയിലാക്കുകയായിരുന്നു.
കാക്കനാട് വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വ്വേ 8406 ല്‍ 23 .200 സെന്റെും അതിന് സമീപം റീസര്‍വേ 865ല്‍ പ്പെട്ട 23.700 സെന്റും റവന്യു പുറമ്പോക്കാണെന്ന് വില്ലേജ് ഓഫിസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് ഭൂവുടമകള്‍ വര്‍ഷങ്ങളായി കൈവശപ്പെടുത്തിയ സ്ഥലം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആറ് മാസം മുമ്പ് റവന്യു അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടി തൃപ്തികരമല്ലായിരുന്നു. ഇതെത്തുടര്‍ന്ന് ഹിയറിങ് നടത്തി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് ഭൂമി പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കാക്കനാട് വില്ലേജ് പരിധിയില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന 2.15 ഏക്കര്‍ റെവന്യു പുറമ്പോക്ക് ഭൂവുടമകളില്‍ നിന്ന് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി. സിവില്‍ സ്റ്റേഷന് തൊട്ടടുത്ത് ഉള്‍പ്പെടെ ഭൂവുടമകള്‍ കൈവശപ്പെടിത്തിയിരിക്കുന്ന നാല് ഏക്കറോളം പുറമ്പോക്ക് പിടിച്ചെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെവന്യു അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."