പരിസ്ഥിതിക്ക് കാവലായി പെരുവയലില്‍ 330 വളണ്ടിയര്‍മാര്‍
മാവൂര്‍: രാജ്യത്തെ ആദ്യത്തെ വാര്‍ഡുതല പരിസ്ഥിതി കാവല്‍സംഘം പെരുവയല്‍ പഞ്ചായത്തില്‍ നിലവില്‍ വന്നു. പഞ്ചായത്തുതല ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 22 വാര്‍ഡുകളിലും പരിസ്ഥിതി കാവല്‍സംഘങ്ങള്‍ രൂപീകരിച്ചത്.
പ്രത്യേക നിയമാവലി തയാറാക്കി പൂര്‍ണ അധികാരത്തോടെയാണ് സംഘങ്ങള്‍ രൂപീകരിച്ചത്. വാര്‍ഡ് മെംബര്‍ ചെയര്‍മാനും പൊതുപ്രവര്ത്തകന് കണ്‍വീനറുമായി 15 അംഗ കാവല്സംഘമാണ് ഓരോ വാര്‍ഡിലും പ്രവര്‍ത്തനമാരംഭിച്ചത്. രണ്ടു മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും യോഗം ചേര്‍ന്ന് വാര്‍ഡിലെ പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി ആവശ്യമായ തീരുമാനം കൈകൊള്ളും.
പരിസ്ഥിതിഭീഷണികള് സംബന്ധിച്ച പരാതികള്‍ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കുകയും പഞ്ചായത്തുതല സമിതിയെ അറിയിക്കുകയും ചെയ്യും. നിലവിലുള്ള ജൈവസമ്പത്ത് സംബന്ധിച്ച് പ്രത്യേക രജിസ്റ്ററും തയാറാക്കിയിട്ടുണ്ട്.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കാവല്സംഘങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത, ബോര്‍ഡ് മെംബര്‍ സെക്രട്ടറി ദിനേശന് ചെറുവാട്ട്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. രമേഷ് എന്നിവര്‍ ക്ലാസെടുത്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ ഷറഫുദ്ദീന്, അംഗങ്ങളായ ടി.എം ചന്ദ്രശേഖരന്, സി.ടി സുകുമാരന്‍, സെക്രട്ടറി എ.കെ വിശ്വനാഥന്, സി.എം സദാശിവന്, പി. സുരേഷ് ബാബു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."