രണ്ടു പതിറ്റാണ്ടായിട്ടും തീരുമാനം നടപ്പായില്ല ഒടയംചാലില്‍ ബസ് സ്റ്റാന്‍ഡ് വരുമോ...?
രാജപുരം: രണ്ടു പതിറ്റാണ്ടു മുമ്പ് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടും ഒടയംചാലില്‍ ബസ് സ്റ്റാന്‍ഡിനു വേണ്ടിയെടുത്ത സ്ഥലം അനാഥാവസ്ഥയില്‍. വികസിച്ചു കൊണ്ടിരിക്കുന്ന ഒടയംചാല്‍ ടൗണിലാണു കോടോം-ബേളൂര്‍ പഞ്ചായത്ത് ഭരണസമിതി ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്.
1995-ല്‍ യു തമ്പാന്‍ നായര്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലാണ് ഒടയംചാലില്‍ ബസ് സ്റ്റാന്‍ഡെന്ന ആശയം ഉടലെടുത്തത്. ഉടന്‍ സ്ഥലമെടുക്കാനായിരുന്നു തീരുമാനമെങ്കിലും അഞ്ചു വര്‍ഷം തീരുമാനം കടലാസിലുറങ്ങി.
തുടര്‍ന്നു വി.കെ തങ്കമ്മ പ്രസിഡന്റായ കാലഘട്ടത്തില്‍ സ്ഥലമെടുപ്പിനുള്ള നടപടി തുടങ്ങിയെങ്കിലും സാങ്കേതിക കുരുക്കില്‍പ്പെട്ട് പ്രക്രിയ നീണ്ടുപോയി. അടുത്ത കാലത്താണു മൂന്നേക്കര്‍ സ്ഥലം പഞ്ചായത്ത് അക്വയര്‍ ചെയ്തത്. നഗരത്തിന്റെ കണ്ണായ സ്ഥലമായതിനാല്‍ ഉടമകള്‍ നിയമ നടപടികളുമായി മുന്നോട്ടു പോയതാണ് സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാന്‍ വൈകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഹൈക്കോടതി വരെ കേസ് നീണ്ടു പോയിരുന്നു. സ്ഥലം പഞ്ചായത്തിനു സ്വന്തമായി ലഭിച്ചതോടെ ബസ് സ്റ്റാന്‍ഡു നിര്‍മാണവുമായി മുന്നോട്ടു പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം.
ബസ് സ്റ്റാന്‍ഡിനു ആറുകോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിനു കൈമാറിയിട്ടുണ്ട്. അനുമതി ലഭിച്ചയുടന്‍ വായ്പയ്ക്കുള്ള ഏജന്‍സിയെ പഞ്ചായത്ത് കണ്ടെത്തും.
മലയോരത്തെ പ്രധാന കവലയാണ് ഒടയംചാല്‍. കാഞ്ഞങ്ങാട് നിന്നു പാണത്തൂര്‍, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, ചെറുപുഴ, കൊന്നക്കാട് എന്നിവിടങ്ങളിലേക്ക് ഒടയംചാല്‍ വഴിയാണു പോകുന്നത്. അതുകൊണ്ട് തന്നെ ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായാല്‍ ഏറെ ഗുണകരമാകുമെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."