കുട്ടി ഡോക്ടര്‍ പദ്ധതി നടപ്പാക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്നു സംരക്ഷിക്കുന്നതിനും ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കുട്ടി ഡോക്ടര്‍ പദ്ധതി കണ്ണൂര്‍ ജില്ലയിലും ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് നടപ്പാക്കുന്ന ഔവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പരീക്ഷണാര്‍ഥം വയനാട്ടിലും തുടര്‍ന്ന് കാസര്‍കോട്ടും നടപ്പാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ കണ്ണൂര്‍ ജില്ലയിലും താമസിയാതെ തുടങ്ങും. വിദ്യാര്‍ഥികളുടെ മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കുട്ടികള്‍ക്കിടയില്‍ നിന്നു തന്നെ പ്രതിനിധികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനാണ് ഒ.ആര്.സി പദ്ധതി സ്കൂളുകളില്‍ നടപ്പാക്കുന്നത്. ഇത്തരം ഇടപെടലുകളിലൂടെ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പൊലിസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദ് അലി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്മാന് ടി.എ മാത്യു, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ സിസിലി ജോസഫ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു. കരുണാകരന്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."