മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല
മലപ്പുറം: കോട്ടപ്പടി ഗ്രാമീണ്‍ ബാങ്കിലുണ്ടായ കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ടു പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. മോഷ്ടാക്കളെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലം പരിശോധിച്ചു.
സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം നടത്തുന്നത്. ജില്ലയില്‍ മുന്‍പു നടന്ന ബാങ്ക് കവര്‍ച്ചകളുമായി ഇതിനു സാമ്യതയുണ്ടോയെന്നും അന്വേഷിച്ചിവരികയാണ്. മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സി.സി.ടി.വി കാമറയുടെ ദിശ തെറ്റിച്ചുവച്ചിട്ടുമുണ്ട്. ഇതിനാല്‍ സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ക്കു വ്യക്തതയില്ല. ഇതു പൊലിസിനെ കുഴക്കുന്നുണ്ട്.
ബാങ്ക് കെട്ടിടത്തിന്റെ വെന്റിലേറ്റര്‍ തകര്‍ത്ത് ഉള്ളില്‍കടന്ന മോഷ്ടാവ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു സ്‌ട്രോങ് റൂം തുരക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇതിനെ തുടര്‍ന്നു മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പോര്‍ട്ടബിള്‍ ഗ്യാസ്‌കട്ടര്‍ യൂനിറ്റുകള്‍ വില്‍ക്കുന്ന മലപ്പുറത്തെ കടകളില്‍ പൊലിസ് ഇന്നലെ അന്വേഷണം നടത്തി. ബാങ്കിനു സമീപത്തുള്ള കടകളുടെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണത്തിനു പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികളെയും സംശയിക്കുന്നുണ്ട്.
ബാങ്കിന്റെ അകത്തേക്ക് ഒരാള്‍ മാത്രമേ പ്രവേശിച്ചിട്ടുള്ളൂവെന്നാണ് വിലയിരുത്തല്‍. ഇയാല്‍ മോഷണശ്രമം നടത്തുമ്പോള്‍ മറ്റുള്ളവര്‍ ബാങ്കിനു പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു. തകര്‍ത്ത വെന്റിലേറ്ററില്‍കൂടി ബാങ്കിന് അകത്തേക്ക് ഊര്‍ന്നിറങ്ങാന്‍ ഉപയോഗിച്ച കയര്‍ പൊലിസ് കണ്ടെത്തിയിരുന്നു. സ്‌ട്രോങ് റൂം വാതിലിന്റെ അടിഭാഗത്ത് ചതുരാകൃതിയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരക്കാന്‍ ശ്രമിച്ചതിന്റെ അടയാളവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."