നോട്ട് നിരോധനം കള്ളപ്പണത്തിനു വേണ്ടിയായിരുന്നില്ല; മലക്കംമറിഞ്ഞ് ജയ്റ്റ്ലി
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന ആര്.ബി.ഐയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുന്‍ നിലപാടുകളില്‍ നിന്ന് മലക്കംമറിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് നോട്ട് നിരോധനമെന്ന് മുന്‍പ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെങ്കിലും, അതിനു വേണ്ടിയായിരുന്നില്ലെന്നാണ് ഇപ്പോള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറയുന്നത്.
നവംബര്‍ എട്ടിന് നോട്ട് നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, കള്ളപ്പണവും വ്യാജനോട്ടുകളും പിടികൂടാനെന്നാണ്. പിന്നീട് പല ഘട്ടങ്ങളിലും മോദിയും ജയ്റ്റ്ലിയും ഇത് ആവര്‍ത്തിച്ചു. ഡിസംബര്‍ 31ന് കണക്കുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായില്ല. 1000 രൂപയുടെ നോട്ടിന്റെ കണക്കാണ് ഇന്ന് ആര്.ബി.ഐ പുറത്തുവിട്ടിരിക്കുന്നത്.
1000 രൂപയുടെ 6700 മില്യണ്‍ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 89 മില്യണ്‍ നോട്ടുകള്‍ മാത്രമാണ് നിശ്ചിത സമയത്തിനുള്ളില്‍ ബാങ്കുകളില്‍ തിരിച്ചെത്താത്തത്. അതായത് വെറും 1.3 ശതമാനം നോട്ടുകള്‍ മാത്രമാണ് അനുവദിച്ച സമയത്തിനുള്ളില്‍ ബാങ്കിലെത്താത്തത്.
നോട്ട് ഉപയോഗം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു നോട്ട് നിരോധനമെന്നാണ് ജയ്റ്റ്ലിയുടെ പുതിയ വാദം. പണലഭ്യത 17 ശതമാനം കുറഞ്ഞുവെന്നും ഇതോടെ നോട്ട് ഉപയോഗം കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."