ആകാശത്തിന് കീഴെ സ്‌നേഹവീടുകള്‍
ആകാശത്തിന് കീഴെ സ്‌നേഹംകൊണ്ട് മേല്‍ക്കൂര പണിതാല്‍ വീടായി; സ്‌നേഹവീട്. ആ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ മറ്റെവിടേക്കാളും സുരക്ഷിതരാണ് ഏവരും. അവിടെ നമ്മള്‍ സംതൃപ്തരും സന്തുഷ്ടരുമാണ്. പക്ഷേ, ഇന്ന് എത്ര വീടുകള്‍ അത്തരത്തിലുണ്ടാവും. സംശയത്തിന്റെയും പഴിപറയലിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും കൂടാരമായി വീട്ടകങ്ങള്‍ മാറിത്തുടങ്ങിയിട്ട് കാലമേറെയായി. ഒാരോ വ്യക്തിയും ഇപ്പോള്‍ ഓരോ തുരുത്താണ്. അവര്‍ക്കിപ്പോള്‍ തൊട്ടരികിലുള്ള സ്വന്തം കുടുംബാംഗവുമായിട്ടല്ല കൂട്ട്. അവരുടെ ചങ്ങാത്തം ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത തിരശ്ശീലക്കപ്പുറത്തുള്ള മറ്റാരോടോ ആണ്. അജ്ഞാതമായ ഒരു ഫോണ്‍വിളിയുടെ തുമ്പുപിടിച്ച് എവിടെയോ എന്തിനോ വേണ്ടി ഓടിപ്പോവുന്നവരുടെ വാര്‍ത്തകള്‍ ഇന്നൊരു പുതുമയല്ല. പ്രായവ്യത്യാസമില്ലാതെ, ധനിക-ദരിദ്ര ഭേദമില്ലാതെ അവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്.
സമൂഹത്തിന്റെ ആധാരശിലകളാണ് കുടുംബങ്ങള്‍. കുടുംബം ശിഥിലമാവുമ്പോള്‍ സമൂഹവും തകരുന്നു. ലോകത്തിന് വഴികാട്ടികളായി കടന്നുപോയ ആചാര്യന്മാരെല്ലാം ആ അടിസ്ഥാന തത്ത്വം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ജീവിതത്തിന്റെ പൊരുളെന്നും അവര്‍ പഠിപ്പിച്ചുതന്നിട്ടുണ്ട്. പക്ഷേ, പരസ്പരം പങ്കുവയ്ക്കാന്‍ നല്ലതൊന്നും കൈയിലില്ലാത്ത അവസ്ഥയാണ്. സ്‌നേഹം, കരുണ, സഹാനുഭൂതി... എല്ലാം പറയാനും മോഹിപ്പിക്കാനുമുള്ള വെറും വാക്കുകള്‍ മാത്രം. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം മറ്റൊന്നിനും വിലകല്‍പ്പിക്കേണ്ടതില്ലെന്ന സ്വാര്‍ഥതയാല്‍ അന്ധരായിപ്പോയവര്‍, തനിക്ക് താങ്ങും തണലുമായി നിന്ന കുടുംബത്തിന്റെ അടിവേരറുത്താണ് പലായനം ചെയ്യുന്നത്. ഓടിപ്പോവുന്നതിനിടയില്‍ അവര്‍ പിന്‍കാല്‍കൊണ്ട് തള്ളിയടക്കുന്ന വീടിന്റെ വാതില്‍ ശബ്ദംകൊണ്ട് മുഖരിതമാണ് സമൂഹാന്തരീക്ഷം. ഊക്കോടെ കൊട്ടിയടക്കപ്പെടുന്ന ആ വാതില്‍ നാളെ തങ്ങളുടേതാവില്ലെന്ന് ഉറപ്പ് പറയാന്‍ ഇന്ന് എത്ര പേര്‍ക്ക് കഴിയും.
ഓടിപ്പോവാതെ വീട്ടില്‍ തന്നെ പരസ്പരം ഒളിപ്പോരുമായി കഴിയുന്നവരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാതെ, ഒരുമിച്ചൊന്ന് പ്രാര്‍ഥിക്കാതെ, ഏതോ സത്രത്തിലെന്നപോലെ കഴിഞ്ഞുകൂടുന്നവരുടെ എണ്ണവും കൂടുകയാണ്.
എല്ലായിടത്തും ഇതാണ് അവസ്ഥ എന്നല്ല. എങ്കിലും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ഒട്ടും കുറച്ചുകണ്ടുകൂടാ. ഒറ്റപ്പെട്ടതെന്ന് പറഞ്ഞ് സ്വയം ആശ്വസിച്ചിരുന്ന പലതും ഇപ്പോള്‍ ചുറ്റിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. കാലം പഴയതല്ല. എല്ലാറ്റിനും അതിവേഗമാണ്. നാശത്തിലേക്കുള്ള കുതിപ്പിന് പതിന്മടങ്ങ് വേഗത കൂടും. കാലിന്നടിയിലെ മണ്ണ് എപ്പോഴാണ് ഒലിച്ചുപോവുക എന്ന് പറയാനാവില്ല. കാര്യം കൈവിട്ടുപോവാന്‍ എളുപ്പമാണ്. ഒരു കല്ലിളകിയാല്‍ എത്ര വലിയ കൊട്ടാരവും തകര്‍ന്നുവീഴാം. പരസ്പരസ്‌നേഹം കൊണ്ടും വിശ്വാസംകൊണ്ടും സഹാനുഭൂതികൊണ്ടും വേണം ഹൃദയങ്ങളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്താന്‍. മിണ്ടിയും പറഞ്ഞും തൊട്ടും തലോടിയുമുള്ള പാരസ്പര്യമാണ് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാവേണ്ടത്.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തുടക്കമിട്ട 'സ്‌നേഹവീട്' ഏറ്റവും പ്രസക്തമാവുന്നത് ഇവിടെയാണ്. കേവലം പ്രഖ്യാപനങ്ങളിലൊതുങ്ങാതെ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് സംഘടന നടത്തിയിരിക്കുന്നത്. നന്മ ആഗ്രഹിക്കുന്ന ഏതൊരാളുടെയും പിന്‍ബലം സ്‌നേഹവീടിനുണ്ടാവും. ധാര്‍മികതയിലധിഷ്ഠിതമായ കുടുംബമെന്നത് സാമൂഹിക പുനഃസൃഷ്ടി തന്നെയാണ്. ആ നിലയ്ക്ക് രാഷ്ട്ര പുനര്‍നിര്‍മിതിയും. ഇതിന്റെ പ്രായോജകര്‍ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ കള്ളികളില്‍ ഒതുങ്ങുന്നവരല്ല. ജീവജലംപോലെ കാണെക്കാണെ ഇല്ലാതാവുന്ന സ്‌നേഹതീര്‍ത്ഥത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ തന്നെ വലിയ പുണ്യമാണ്. കണ്ണീര്‍കണംപോലെ നിര്‍മലമായ ഒരുതുള്ളി സ്‌നേഹം, നറുനിലാവായി ഒരു പുഞ്ചിരി, സാന്ത്വനമായി ഒരു തലോടല്‍... അതുമതി ബന്ധങ്ങള്‍ പുഷ്‌ക്കലമാവാന്‍. ഹൃദയത്തില്‍ എപ്പോഴും സ്‌നേഹം കരുതിവയ്ക്കുക, അല്ലാത്തപക്ഷം സൂര്യവെട്ടം കിട്ടാതെ പൂക്കള്‍ കരിഞ്ഞുപോയ പൂന്തോട്ടം പോലെയാവും ജീവിതമെന്ന ഓസ്‌കര്‍ വൈല്‍ഡിന്റെ വാക്കുകള്‍ നമുക്ക് നെഞ്ചോടു ചേര്‍ത്തുവയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."