പ്രവേശന പരീക്ഷാ കമ്മിഷണര്‍ എം.ടി റെജുവിനെ മാറ്റി
തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് ഡോ. എം.ടി റെജുവിനെ മാറ്റി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പകരം പരീക്ഷാ കമ്മിഷണറുടെ ചുമതല എം.എസ് ജയക്കു നല്‍കാനും തീരുമാനിച്ചു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് റെജുവിനെ മാറ്റാന്‍ കാരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യമാണ്. സര്‍ക്കാരിനും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കുമെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളുടെ കളിപ്പാവയാകുകയാണെന്നും മാനേജ്‌മെന്റുകളെ സഹായിക്കാന്‍ ശ്രമം നടന്നുവെന്നും കോടതി പരാമര്‍ശമുണ്ടായി. കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനു പിറകെ മെഡിക്കല്‍ സീറ്റിലെ ഫീസ് 11 ലക്ഷമാക്കിക്കൊണ്ട് സുപ്രിം കോടതി വിധിയുണ്ടായത് സര്‍ക്കാരിനു തിരിച്ചടിയായി. വേണ്ട രീതിയില്‍ കേസ് വാദിക്കാന്‍ സര്‍ക്കാരിനായില്ലെന്നും സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് തോറ്റുകൊടുത്തുവെന്നുമുള്ള ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നു. ഇതെല്ലാമാണ് റെജുവിനെ മാറ്റാന്‍ കാരണമായതെന്ന് അറിയുന്നു. കേരള ഹൈക്കോടതിയില്‍ വിജിലന്‍സ് കേസ് നടത്താന്‍ സ്‌പെഷല്‍ ഗവണ്‍മെന്റ്് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."