ഹാദിയയെ കാണാനെത്തിയ യുവതികള്‍ക്ക് നേരെ ആര്‍.എസ്.എസ് അക്രമം
പൊലിസ് നോക്കിനിന്നു; യുവതിയെ തള്ളി വീഴ്ത്തി
കോട്ടയം: ഇഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി വീട്ടുതടങ്കലിലാക്കിയ ഹാദിയയെ കാണാനെത്തിയ യുവതികള്‍ക്ക് നേരെ പൊലിസ് നോക്കിനില്‍ക്കെ ആര്‍.എസ്.എസ് അക്രമം. ഹാദിയയെ കാണാനും പുസ്തകങ്ങള്‍ നല്‍കാനുമെത്തിയ ആറംഗ സംഘത്തെയാണ് ആര്‍.എസ്.എസുകാര്‍ തടഞ്ഞുവച്ച് അക്രമിച്ചത്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പകരം പെണ്‍കുട്ടികളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി നിര്‍ദേശ പ്രകാരം വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ കാണാന്‍ ഉച്ചയോടെയാണ് അമ്മു തോമസ്, ശബ്‌ന സുമയ്യ, സജ്‌നാ ഷാസ്, മൃദുല ഭവാനി, ഭൂമി ജെ എന്‍, അനുഷ പോള്‍ എന്നിവരെത്തിയത്. വീടിനു മുന്നിലെത്തിയപ്പോള്‍ ഇവരെ പൊലിസ് തടഞ്ഞു. ഇതോടെ ഇവര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സംഘടിച്ചെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പെണ്‍കുട്ടികള്‍ക്കുനേരെ അക്രമം നടത്തിയത്.
ഹാദിയയെ കാണാന്‍ അനുവദിക്കുന്നില്ലെങ്കില്‍ തങ്ങള്‍ കൊണ്ടു വന്ന പുസ്തകങ്ങളും മറ്റു സാധനങ്ങളും ഹാദിയക്ക് കൈമാറാന്‍ അനുവദിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ല. സംഘത്തിലുണ്ടായിരുന്ന ശബ്‌ന സുമയ്യയെ മുസ്‌ലിമാണെന്ന് മനസ്സിലാക്കി ആര്‍.എസ.്എസ് പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച് മര്‍ദിച്ചു. സംഘത്തോടൊപ്പമെത്തി കുറച്ചകലെ മാറിനിന്ന ശബ്‌നയുടെ ഭര്‍ത്താവ് ഫൈസലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്തതോടെ ആര്‍.എസ്.എസുകാര്‍ ശബ്‌നക്കു നേരെ തിരിയുകയായിരുന്നു. തീവ്രവാദിയെന്ന് വിളിച്ചായിരുന്നു ശബ്‌നയെ ആക്രമിച്ചത്. യുവതിയെ അക്രമിസംഘം തള്ളി വീഴ്ത്തിയിട്ടും പൊലിസ് നോക്കിനിന്നു.
ഇതിനിടെ ശബ്‌നയെയും ഫൈസലിനെയും ആര്‍.എസ്.എസുകാര്‍ പൊലിസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് മറ്റു പെണ്‍കുട്ടികളെയും പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ ഹാദിയയുടെ പിതാവുമായി സംസാരിച്ചുകൊണ്ടിരിക്കെ എന്നെ രക്ഷിക്കണമെന്നും എന്നെ അടച്ചിട്ട് ഇവര്‍ ഉപദ്രവിക്കുകയാണെന്നും ഹാദിയ കരഞ്ഞുകൊണ്ട് ജനലിലൂടെ ആവശ്യപ്പെട്ടതായി സംഘത്തിലെ യുവതി വ്യക്തമാക്കി. ഹാദിയയുടെ പിതാവ് അശോകന്റെ പരാതിയെ തുടര്‍ന്നാണ് യുവതികളെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തതെന്ന് വൈക്കം പൊലിസ് വ്യക്തമാക്കി. വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന പരാതിയിലാണ് അറസ്റ്റ്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ആക്രമിക്കപ്പെട്ടതായി യുവതികള്‍ പരാതി നല്‍കിയിട്ടില്ലെന്ന് വൈക്കം പൊലിസ് അറിയിച്ചു. ഹാദിയയുടെ വീടിനുചുറ്റും ആര്‍.എസ്.എസ് കാവലുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നലത്തെ സംഭവം.
ഹാദിയ: മനുഷ്യാവകാശലംഘനം നടന്നെന്ന് വനിതാ കമ്മിഷന്‍
കൊച്ചി: ഹാദിയ കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.
ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമ്മിഷന് ബോധ്യപ്പെട്ടതാണ്. ഇത്തരം അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രിം കോടതിവരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
എറണാകുളത്ത് വനിത കമ്മിഷന്‍ മെഗാ അദാലത്തില്‍ പരാതികള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. വീട്ടുതടങ്കലില്‍ പെണ്‍കുട്ടികള്‍ അകപ്പെടുന്നുണ്ട്.
പരാതി കിട്ടിയാല്‍ ഇത്തരം കേസുകളില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. കുമരകം റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ല. പരാതി ലഭിച്ചാല്‍ ഇടപെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ ഇഷ്ടക്കാര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരാണ് ഇവരിലധികവും. ഇതിനെതിരേ ശക്തമായ ബോധവല്‍ക്കരണ പരിപാടിയുമായി മുന്നോട്ട് പോകും. കലാലയജ്യോതി പരിപാടി കൂടുതല്‍ കോളജുകളിലേക്ക് വ്യാപിപ്പിക്കും.
ലിവിങ് ടുഗതര്‍ സംസ്‌കാരം താഴെ തട്ടിലേക്കും വ്യാപിക്കുന്നുണ്ട്. 18 തികയാത്ത പെണ്‍കുട്ടികള്‍ ഇപ്രകാരം താമസിച്ചുവരുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിദ്യാര്‍ഥിനികളുമായി ബന്ധപ്പെട്ട് സൈബര്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വനിതാ കമ്മിഷന്‍ മുന്‍പാകെ ലഭിക്കുന്ന പരാതികളില്‍ നോട്ടിസ് കൈപ്പറ്റുന്നവര്‍ നിഷേധാത്മക സമീപനം കൈക്കൊള്ളുന്നത് കേസുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും എം.സി ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ല: റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍
ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ കേരള ഹൈക്കോടതി വീട്ടുതടങ്കലിലടച്ച ഡോ. ഹാദിയ കേസിന്റെ മേല്‍നോട്ടം വഹിക്കാനാവില്ലെന്ന് റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍.
ഹാദിയയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിച്ച സുപ്രിം കോടതിയാണ് ഓഗസ്റ്റ് 16ന് ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച വിഷയങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്. വിരമിച്ച ഒരു ജഡ്ജിയുടെ മേല്‍ നോട്ടത്തില്‍ ആയിരിക്കണം അന്വേഷണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് റിട്ട.ജസ്റ്റിസ് രവീന്ദ്രന്റെ മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്താന്‍ കോടതി തീരുമാനിച്ചത്.
എന്നാല്‍, നിലവില്‍ ബംഗളൂരുവില്‍ വിശ്രമ ജീവിതം നയിക്കുന്ന രവീന്ദ്രന്‍ കേസിന്റെ മേല്‍ നോട്ടം വഹിക്കാനാവില്ലെന്ന് എന്‍.ഐ.എയെ അറിയിക്കുകയായിരുന്നു. ഇതു താനും കോടതിയും തമ്മിലുള്ള വിഷയമാണെന്നും ഇക്കാര്യത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നുമാണ് രവീന്ദ്രന്റെ പ്രതികരണം. ഇതോടെ, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മറ്റൊരു ജഡ്ജിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ സുപ്രിംകോടതിയെ സമീപിക്കും.
കേസ് സുപ്രിം കോടതി പരിഗണിച്ച ആദ്യ ഘട്ടത്തില്‍ മുന്‍ ജഡ്ജി കെ.എസ് രാധാകൃഷ്ടണനെ അന്വേഷണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കാനായിരുന്നു ബെഞ്ച് പരിഗണിച്ചിരുന്നത്. എന്നാല്‍, അന്വേഷണം നീതിയുക്തമായി നടക്കണമെങ്കില്‍ കേരളത്തിന് പുറത്തുള്ള ഒരു ജഡ്ജിയുടെ മേല്‍നോട്ടത്തിലാവണമെന്ന് ഷഫിന്‍ ജഹാന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി ജസ്റ്റിസ് രവീന്ദ്രനെ അന്വേഷണത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."