ആസ്‌ത്രേലിയക്കെതിരേ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ബംഗ്ലാദേശ്
ധാക്ക: ചരിത്രത്തിലാദ്യമായി ആസ്‌ത്രേലിയക്കെതിരേ ഒരു ടെസ്റ്റ് മത്സരം വിജയിച്ച് ബംഗ്ലാദേശ്. ആസ്‌ത്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബംഗ്ലാദേശിന്റെ ഉജ്ജ്വല വിജയം. 20 റണ്‍സിന്റെ നിര്‍ണായക വിജയം പിടിച്ച ബംഗ്ലാ ടീം രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നില്‍. രണ്ടാം ടെസ്റ്റില്‍ സമനില സ്വന്തമാക്കിയാല്‍ ബംഗ്ലാദേശിന് ഓസീസിനെതിരായ ആദ്യ പരമ്പര നേട്ടമെന്ന റെക്കോര്‍ഡും കാത്തിരിക്കുന്നു.
ഷാകിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവാണ് ബംഗ്ലാദേശിന്റെ വിജയത്തിന്റെ അടിസ്ഥാനം. ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ പോരാട്ടം 260 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 244 റണ്‍സില്‍ അവസാനിപ്പിച്ച് അവര്‍ 26 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന്റെ ചെറുത്തുനില്‍പ്പ് 221 റണ്‍സില്‍ അവസാനിച്ചു. 237 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന്റെ പോരാട്ടം 217 റണ്‍സില്‍ അവസാനിപ്പിച്ചാണ് ബംഗ്ലാദേശ് വിജയം പിടിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ലീഡെടുക്കുന്നതില്‍ ഓസീസിനെ തടഞ്ഞ ഷാകിബ് അല്‍ ഹസന്‍ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ച് ആസ്‌ത്രേലിയന്‍ ടീമിന്റെ അന്തകനായി. രണ്ടിന്നിങ്‌സിലുമായി പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാകിബ് ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സെടുത്ത് ബംഗ്ലാദേശിന്റെ ടോപ് സ്‌കോററുമായിരുന്നു.
സെഞ്ച്വറിയുമായി (112) വാര്‍ണര്‍ മുന്നില്‍ നിന്ന് പൊരുതിയെങ്കിലും മറ്റാര്‍ക്കും കാര്യമായി ക്രീസില്‍ നില്‍ക്കാന്‍ സാധിക്കാതെ വന്നത് ആസ്‌ത്രേലിയക്ക് തിരിച്ചടിയായി. 37 റണ്‍സെടുത്ത നായകന്‍ സ്മിത്ത്, 33 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാറ്റ്കമ്മിന്‍സ് എന്നിവരും പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തി. രണ്ടാം ഇന്നിങ്‌സില്‍ തയ്ജുല്‍ ഇസ്‌ലാം മൂന്നും മെഹ്ദി ഹസന്‍ മിറസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി ഷാകിബിനെ പിന്തുണച്ചു. ഷാകിബാണ് കളിയിലെ താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."