ചരിത്ര പ്രസംഗത്തിന് കാതോര്‍ത്ത് നമിറ പള്ളിയും അറഫയും
അറഫ: ഹജ്ജിന്റെ പ്രധാന കര്‍മ്മമായ അറഫാ സംഗമം ഇന്ന് നടക്കുമ്പോള്‍ അറഫ മൈതാനിയും ഇവിടുത്തെ ഏക പള്ളിയുമായി നമിറ പള്ളിയും വീണ്ടും സജീവമാകും. ലോകത്തിന്റെ നാനാ ദിക്കുകളില്‍ വന്നെത്തുന്ന ഹാജിമാര്‍ ഒരേ വസ്ത്രവും, ഒരേ മന്ത്രധ്വനിയും ഒരേ ലക്ഷ്യവുമായി അറഫയില്‍ സമ്മേളിക്കുമ്പോള്‍ ഇതിനെ അനുസ്മരിച്ചു കൊണ്ട് ലോക മുസ്‌ലികള്‍ ഇന്ന് നോമ്പെടുത്തും ഇവരുടെ ഭാഗമാകും.
ശാന്തമായി കിടന്നിരുന്ന അറഫ ഇന്ന് വീണ്ടും ഇലാഹീ സമരണകളില്‍ പുളകിതമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ കറുത്തവനെന്നോ, വെളുത്തവനെന്നോ, പണക്കാരനെന്നോ, പാവപെട്ടവനെന്നോ നോക്കാതെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് നാഥനിലേക്ക് കയ്യുയര്‍ത്തി അറഫയില്‍ സംഗമിക്കും.
ഹജ്ജിന്റെ മര്‍മ്മ പ്രധാന ചടങ്ങു നടക്കുന്ന അറഫ മൈതാനവും നമിറ പള്ളിയും എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ അബാസിയ ഭരണകൂടമാണ് നമിറ പള്ളി നിര്‍മ്മിച്ചത്. ഏറ്റവും ഒടുവില്‍ 237 മില്യണ്‍ റിയാല്‍ ചിലവഴിച്ചു നിലവിലെ സഊദി ഭരണകൂടമാണ് ഇത് പുതുക്കി പണിതത്. 340 മീറ്റര്‍ നീളവും 240 മീറ്റര്‍ വീതിയുമുള്ള നമിറ പള്ളിയുടെ മുന്‍ഭാഗം മുസ്ദലിഫയിലും പിറകു ഭാഗം അറഫയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ആറു മിനാരങ്ങളില്‍ ഓരോന്നിനും അറുപതു മീറ്ററാണ് നീളം. 10 പ്രധാന കവാടങ്ങളും 64 ചെറുകവാടങ്ങളും അടങ്ങുന്നതാണ് നമിറ പള്ളി.ഒരു ലക്ഷത്തി ഇരുപതിനാലായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പള്ളിയില്‍ മൂന്നര ലക്ഷം ഹാജിമാര്‍ക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. പക്ഷെ, അറഫ സംഗമം പ്രവൃത്തി പഥത്തില്‍ കൊണ്ട് വരാന്‍ അറഫ മൈതാനിയുടെ എവിടെയെങ്കിലും ഒന്നു കാല്‍ കുത്തിയാല്‍ മതിയാകും. പ്രവാചകന്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചാണ് ഇവിടെ ഇന്ന് ഉച്ച നിസ്‌കാര ശേഷം ഖുതുബ നിര്‍വ്വഹിക്കുക.
ഇബ്‌റാഹീം പള്ളിയെന്നപേരും അറഫ പള്ളിയെന്ന നാമവും ഇതിനുണ്ടെകിലും നമിറ മലഞ്ചെരുവിലാണ് ഇതെന്നതിലാണ് നമിറ പള്ളിയെന്ന പേര് ലഭിക്കാന്‍ കാരണം.അറഫയിലെ മറ്റൊരു പ്രധാന കേന്ദ്രമാണ് ജബലു റഹ്മ. കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ഇവിടെ വെച്ചാണ് പ്രവാചകന്‍ അറഫ പ്രഭാഷണം നടത്തിയത്. പ്രാര്‍ത്ഥനക്ക് ഏറെ ഉത്തരം ലഭിക്കുന്ന ഇവിടങ്ങളില്‍ കയറിക്കൂടാന്‍ വിശ്വാസികളുടെ ആഗ്രഹമാണ്. വിശാലമായ അറഫ മൈതാനിയില്‍ തീര്‍ഥാടകര്‍ക്ക് സ്ഥിരം തമ്പുകള്‍ ഇല്ല. താത്കാലിക തമ്പുകളും മരങ്ങളുടെ തണലുകളുമാണ് ഹാജിമാര്‍ക്ക് ആശ്വാസം പകരുക. അറഫയുടെ വിവിധ ഭാഗങ്ങളിലായി നൂറ് കണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. നമ്മുടെ സ്വന്തം വേപ്പ് മരങ്ങള്‍ വ്യാപകമായി അറഫയില്‍ കാണാം. വളര്‍ച്ച പ്രാപിക്കാന്‍ കുറഞ്ഞ വെള്ളം മാത്രം മതിയായതിനാണ് വേപ്പ് കൂടുതല്‍ ഇടം നേടിയത്. ഇന്ത്യയില്‍ നിന്ന് എത്തിച്ചാണ് ഇത് നട്ടുവളര്‍ത്തിയതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."