കാഴ്ചയുടെ കണിയൊരുക്കി നാട്ടുപൂക്കള്‍
ആലക്കോട്: ഓണപ്പൂക്കളമൊരുക്കാന്‍ അയല്‍ സംസ്ഥാനങ്ങളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന മലയാളികള്‍ക്ക് കണ്ണിനു മുന്നില്‍ കാഴ്ച വിരിച്ച് നാടന്‍ പൂവുകള്‍. ചിങ്ങമാസത്തിന്റെ ചൈതന്യമായി പാറ പ്രദേശങ്ങളില്‍ കാക്കപൂക്കള്‍ നീലവസന്തം പരത്തി നില്‍ക്കുന്നു. കാക്കപ്പൂ, തുമ്പ, കൃഷ്ണപ്പൂ, പാറനീലിപ്പൂ, വിഷ്ണു ക്രാന്തി തുടങ്ങിയവയാല്‍ സമ്പന്നമാണ് മലബാറിലെ പാറ പ്രദേശങ്ങള്‍.
പാറയിലെ ചതുപ്പുള്ള പ്രദേശങ്ങളിലാണ് ഇവ ഇടതൂര്‍ന്ന് വളരുന്നത്. ഓണക്കാലമായാല്‍ പൂക്കള്‍ ശേഖരിക്കാനായി കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ ഇവിടങ്ങളില്‍ എത്തുന്നു.
കുശലം പറഞ്ഞും കളിച്ചും ചിരിച്ചും പൂക്കളിറുക്കുവാന്‍ മത്സരിക്കുന്ന കുട്ടികള്‍.. കാട്ടുചെടിയുടെ ഇലകള്‍ കൊണ്ട് പൂക്കൂടയുണ്ടാക്കി അതില്‍ പൂക്കള്‍ ഇറുത്തിട്ടിരുന്ന പഴയകാല കാലം മുതിര്‍ന്നവര്‍ക്ക് ഇന്നും മധുരമുള്ള ഓര്‍മകളാണ്. തൊടിയിലെ മത്തന്‍ വല്ലിയിലെ ആണ്‍പൂക്കള്‍, പിന്നെ വേലിയിലെ ചെമ്പരത്തി, മഞ്ഞ അരളി അങ്ങനെപോകുന്നു നാടന്‍ പൂക്കളുടെ പട്ടിക. പൂക്കളെല്ലാം പൂവിളിക്ക് കാതോര്‍ത്തിരിക്കുമ്പോള്‍ നീലവസന്തമൊരുക്കി നില്‍ക്കുന്ന പാറപ്രദേശങ്ങള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങള്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."