ഭര്‍ത്താവിന്റെ മര്‍ദനം; മതംമാറിയ യുവതി ഗുരുതരാവസ്ഥയില്‍
കൊച്ചി: 'എനിക്കെന്റെ മകളെ കളയാന്‍ പറ്റില്ലല്ലോ?. ആര് വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ അവളെ പൊന്നുപോലെ നോക്കി കൊള്ളാം. ജീവന്‍ തിരിച്ചുകിട്ടിയാല്‍ മതി'- ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മകളെ ഓര്‍ത്ത് വെന്തുരുകുകയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ ഈ അമ്മ.
ബുധനാഴ്ചയാണ് വൈക്കം ചെമ്മനാകരിയിലെ റിസോര്‍ട്ടില്‍നിന്ന് 27കാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച് അവശയാക്കിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. യുവതി തന്നെയാണ് ഏതുനിമിഷവും വധിക്കപ്പെടാമെന്നും മുറിക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.
തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത പരന്നതോടെയാണ് വൈക്കം പൊലിസ് ഇടപെട്ട് യുവതിയെ ആശുപത്രിയിലാക്കിയത്. ആദ്യം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും സ്‌കാനിങ്ങിന് സൗകര്യമില്ലെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ കോഴിക്കോട് കുടുംബകോടതിയില്‍നിന്ന് ഡൈവോഴ്‌സ് നോട്ടിസ് ലഭിക്കുമ്പോഴാണ് ഹിന്ദു സമുദായത്തില്‍പ്പെട്ട യുവാവുമായി പോകുകയും പിന്നീട് ആര്യസമാജത്തിലെത്തി മതംമാറുകയും വിവാഹിതയാകുകയുമൊക്കെ ചെയ്ത മകള്‍ ദുരിതജീവിതം നയിക്കുന്ന വിവരം ഈ അമ്മ അറിയുന്നത്.
തന്റെ പേരിലുണ്ടായ രണ്ട് ഏക്കര്‍ 80 സെന്റ് ഭൂമി മൂന്ന് മക്കള്‍ക്കും വീതിച്ചുകൊടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട മകള്‍ ഹിന്ദുമതത്തില്‍ ചേര്‍ന്നെങ്കിലും വീതംവയ്ക്കുമ്പോള്‍ അവള്‍ക്കും കൊടുക്കാനായിരുന്നു എല്ലാവരുടെയും തീരുമാനം. 50 സെന്റ് ഭൂമി കൊടുക്കാനാണ് തീരുമാനിച്ചത്.
മറ്റ് രണ്ട് മക്കളും പലപ്പോഴായി വീടിനുവേണ്ടി തുക ചെലവഴിച്ചതിനാല്‍ അവര്‍ക്ക് അല്‍പ്പം അധികം നല്‍കാനും തീരുമാനിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് എപ്പോഴും തന്റെ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ആദ്യം ബംഗളൂരുവിലായിരുന്നു മകള്‍ക്ക് ജോലി. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അവള്‍ക്ക് ആ തൊഴിലില്‍ താല്‍പ്പര്യമില്ലായിരുന്നു. തുടര്‍ന്നാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം പഠിക്കാന്‍ പോകുന്നതും ജോലി സമ്പാദിക്കുന്നതും.
ജോലിസ്ഥലത്തുവച്ചാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി നമ്പിടി വീട്ടില്‍ അഭിജിത് ബാലനുമായി അടുപ്പത്തിലാകുന്നതും വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്ന ആവശ്യത്തെതുടര്‍ന്ന് ഹിന്ദുമതം സ്വീകരിക്കുന്നതും. എന്നാല്‍, അഭിജിത്തിന്റെ മാതാപിതാക്കള്‍ ആദ്യംമുതല്‍ ഇതിന് എതിരായിരുന്നെന്നും തന്റെ മകളെ കൊന്നിട്ടാണെങ്കിലും മകനെ വീണ്ടെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇവര്‍ പറയുന്നു.
അഭിജിത്തിന് റിസോര്‍ട്ടില്‍ മാനേജരായി ജോലി കിട്ടിയതിനെ തുടര്‍ന്നാണ് മര്‍ദനം കൂടിയത്. തന്നെ വിട്ടുപോകണമെന്ന് പറഞ്ഞ് നിരന്തരം മര്‍ദിക്കുമായിരുന്നു. മര്‍ദനം സഹിക്കാതായപ്പോള്‍ റിസോര്‍ട്ടിലെ രണ്ടുമുറികളിലായി ഇവരുടെ താമസം. മുടിക്കുത്തിന് പിടിച്ച് തല ഭിത്തിയില്‍ നിരന്തരം ഇടിക്കുമായിരുന്നു. പിന്നെ കാലുകൊണ്ടും കൈകൊണ്ടുമൊക്കെ അടിയും തൊഴിയും വേറെയും.
എന്റെ മകളുടെ ശരീരം നിറയെ പാടുകളാണ്. മകള്‍ ഒരുപാട് സഹിച്ചു. അഭിജിത്തിന്റെ പിതാവും റിസോര്‍ട്ടിലെത്തി അസഭ്യംപറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും ഈ അമ്മ പറയുന്നു. പൊലിസിന്റെ കണ്‍മുന്നില്‍വച്ചാണ് അഭിജിത്ത് റിസോര്‍ട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. ആര്‍ക്ക് വേണ്ടെങ്കിലും എന്റെ മോളെ എനിക്ക് വേണം. പക്ഷേ അവളെ ഈ നിലയിലാക്കിയവരെ വെറുതേ വിടില്ല.കേസുമായി മുന്നോട്ടുപോകുമെന്നും ഇവര്‍ പറയുന്നു. അതിനിടെ, ജോലിയില്‍നിന്ന് അഭിജിത്തിനെ പുറത്താക്കിയതായി റിസോര്‍ട്ട് ഉടമ പറഞ്ഞു. വൈക്കം പൊലിസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.
പുറമെ പരുക്കുകളില്ലെങ്കിലും തലയ്ക്കകത്ത് സാരമായി ക്ഷതമേറ്റിട്ടുണ്ട്. രക്തം കട്ടപിടിച്ചതിനാലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."