തച്ചങ്കരി ഉള്‍പ്പെടെ നാലുപേര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് മേധാവി എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ഉള്‍പ്പെടെ നാലുപേരെ ഡി.ജി.പിയാക്കി ഉയര്‍ത്താന്‍ സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ. 1987 ബാച്ചുകാരായ തച്ചങ്കരിയ്ക്ക് പുറമേ ജയില്‍ മേധാവി ആര്‍. ശ്രീലേഖ, ബി.എസ്.എഫ് എ.ഡി.ജി.പി സുദേഷ്‌കുമാര്‍, എസ്.പി.ജി ഡയരക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരെയാണ് ഡി.ജി.പി പദവി നല്‍കാന്‍ സ്‌ക്രീനിങ് കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയത്. നിലവില്‍ നാലു ഡി.ജി.പി തസ്തികയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതില്‍ റോ ഡയരക്ടര്‍ 1984 ബാച്ചുകാരനായ അരുണ്‍കുമാര്‍ സിന്‍ഹ, 1985 ബാച്ചുകാരായ ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ് എന്നിവരെയും ടി.പി സെന്‍കുമാര്‍ വിരമിച്ച ഒഴിവില്‍ 1986 ബാച്ചുകാരനായ നിര്‍മ്മല്‍ ചന്ദ്ര അസ്താനയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഡി.ജി.പി തസ്തികയില്‍ നിലവിലുണ്ട്.
ഇതു കൂടാതെ നാലു എ.ഡി.ജി.പിമാരെ കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക അധികാരം വച്ച് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. എ.ഡി.ജി.പിമാരായിരുന്ന ഹേമചന്ദ്രന്‍, മുഹമ്മദ് യാസീന്‍, ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍ എന്നിവര്‍ക്കായണ് സ്ഥാനക്കയറ്റം നല്‍കിയത്. എന്നാല്‍ ഈ സ്ഥാനക്കയറ്റം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.
തുടര്‍ന്ന് പദവി ഡി.ജി.പിയാണെങ്കിലും എ.ഡി.ജി.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മാത്രമേ ഇവര്‍ക്ക് ലഭിക്കുന്നുള്ളൂ. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഡി.ജി.പി പദവി എടുത്തു മാറ്റിയിരുന്നില്ല. ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ ലഭിക്കാതെ ഇരിക്കുമ്പോഴാണ് വീണ്ടും നാലുപേരെ കൂടി ഡി.ജി.പി പദവി നല്‍കാന്‍ സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഐ.എ.എസുകാര്‍ക്കു ചീഫ് സെക്രട്ടറി പദവി നല്‍കിയതിന്റെ തുടര്‍ച്ചയാണ് ഐ.പി.എസുകാര്‍ക്ക് ഇതു നല്‍കാന്‍ ശുപാര്‍ശചെയ്തതെന്നാണ് സര്‍ക്കാര്‍ ഭാക്ഷ്യം. അടുത്ത മന്ത്രിസഭായോഗം ഇതു പരിഗണിക്കും.
അതേസമയം വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് ഇതുവരെ വിശ്വസ്തനെ കിട്ടാത്തതിലാണ് തിടുക്കം കാട്ടി നാലുപേര്‍ക്ക് കൂടി ഡി.ജി.പി പദവി നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. നിലവില്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍.
വിജിലന്‍സില്‍ എന്തു കൊണ്ട് ഡയരക്ടറെ നിയമിച്ചില്ലെന്ന് ഹൈക്കോടതി തന്നെ സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. നാലുപേര്‍ക്ക് കൂടി ഡി.ജി.പി പദവി നല്‍കുമ്പോള്‍ വിശ്വസ്തരായ തച്ചങ്കരിയേയോ ശ്രീലേഖയേയോ വിജിലന്‍സ് ഡയരക്ടറാക്കി പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ഇപ്പോള്‍ ശുപാര്‍ശ ചെയ്ത നാലുപേര്‍ക്ക് ഡി.ജി.പി പദവി നല്‍കിയാലും ശമ്പളവും മറ്റു അലവന്‍സുകളും എ.ഡി.ജി.പി റാങ്കിലുള്ളതേ ലഭിയ്ക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."