ബ്ലൂവെയില്‍ ഗെയിം: ഗുജറാത്തില്‍ യുവാവ് നദിയില്‍ ചാടി ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്:ഗുജറാത്തില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ ഇരയായി യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹിയില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അശോക് മലൂന എന്ന യുവാവാണ് ഗുജറാത്തില്‍ ആത്മഹത്യ ചെയ്തത്. സബര്‍മതി നദിയിലേക്ക് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലിസ് അറിയിച്ചു. ബ്ലൂവെയില്‍ ഗെയിമിന്റെ 50 ഘട്ടങ്ങളും താന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഇയാള്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ 17 വയസുകാരനാണ് കൈയില്‍ കോമ്പസ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭീകര സിനിമ കാണുക, ഓണ്‍ലൈന്‍ ഗെയിമിലേര്‍പ്പെടുക എന്നിവ കുട്ടിയുടെ സാഭാവമായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു.
അസമില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ ഇരകളാണെന്ന് സംശയിക്കുന്ന രണ്ട് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സംഭവമുണ്ടായത് കഴിഞ്ഞ ആഴ്ചയാണ്. ശരീരത്തില്‍ മുറിവുകളുമായി 10ാംക്ലാസ് വിദ്യാര്‍ഥിയെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 50 ഘട്ടങ്ങളുള്ള ഗെയിമിന്റെ 40 ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതായും ഇതിനിടയിലാണ് ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചതെന്നുമാണ് പൊലിസ് പറയുന്നത്. മറ്റൊരു സംഭവം ഉണ്ടായത് ജോര്‍ഹട്ട് ജില്ലയിലാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലിസ് അറിയിച്ചു.
ഇതിനിടയില്‍ ഗെയിമിനെതിരേ രക്ഷിതാക്കളെകൂടി ബോധവല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയതായി അസം പൊലിസ് അറിയിച്ചു. കുട്ടികളാരെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പരിധി വിടുന്നുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിവരം അറിയിക്കാന്‍ പൊലിസ് ഹെല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."