ബിഹാറില്‍ വെള്ളപ്പൊക്കത്തിന് കാരണം എലികളെന്ന് മന്ത്രി
പട്‌ന:ബിഹാറിലെ വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് സംസ്ഥാന ജലസേചന മന്ത്രി ലാലന്‍ സിങ്.
നദികളുടെ കരയില്‍ എലികള്‍ മാളങ്ങളുണ്ടാക്കുന്നതാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചതെന്നാണ് സംസ്ഥാനത്തെ വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ വിലയിരുത്തി മന്ത്രി പറഞ്ഞത്.
നദികളുടെ തീരങ്ങള്‍ ഇടിഞ്ഞുവീഴാന്‍ പ്രധാന കാരണം എലികളാണ്. തീരങ്ങളില്‍ ഗ്രാമവാസികള്‍ ധാന്യം സൂക്ഷിക്കുന്നത് എലികളെ ആകര്‍ഷിക്കുകയാണ്. ഇവ തീരങ്ങള്‍ തുരക്കുന്നതോടെ ഇരുകരകളും അപകടാവസ്ഥയിലേക്ക് മാറിയതിനാലാണ് വെള്ളം കയറിയതെന്നും മന്ത്രി പറയുന്നു.
അതേസമയം മന്ത്രിയുടെ വാദത്തിനെതിരേ പ്രതിപക്ഷം ശക്തമായ ആരോപണമാണ് ഉന്നയിച്ചത്. യുക്തിരഹിതമായ വാദമാണ് മന്ത്രി ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ച മറികടക്കാനാണ് ഇത്തരത്തിലൊരു വാദം ഉന്നയിച്ചതെന്ന് ആര്‍.ജെ.ഡി വക്താവ് ശക്തി സിങ് യാദവ് പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എലികളാണെന്നാണ് സര്‍ക്കാരിന്റെ വാദം. കുറ്റങ്ങളെല്ലാം ജീവികള്‍ക്കുമേല്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശക്തി സിങ് യാദവ് പറഞ്ഞു.
മദ്യനിരോധനത്തിനു ശേഷം പലഘട്ടങ്ങളിലായി പൊലിസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന് പറഞ്ഞിരുന്നത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരുന്നത്. ഇതിനു പിന്നാലെയാണ് വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന വാദവുമായി മന്ത്രിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."