മോദി ചോദ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി എം.പി. പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി എം.പിമാരുടെ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മോദി അനുവദിക്കാറില്ലെന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവും ബന്ധാര ഗോണ്ടിയ മണ്ഡലത്തില്‍ നിന്നുള്ള എം.പിയുമായ നാനാ പടോളി വ്യക്തമാക്കിയത്.
ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. മോദി വിളിച്ചു ചേര്‍ത്ത ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ താന്‍ ഒ.ബി.സി മന്ത്രാലയത്തെ കുറിച്ചും കര്‍ഷകരുടെ ആത്മഹത്യയെകുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍, പ്രധാനമന്ത്രി മോദി തന്നോട് ദേഷ്യപ്പെട്ട് വായടക്കാനാണ് പറഞ്ഞത്. നാഗ്പൂരില്‍ നടന്ന ഒരു ചടങ്ങിലാണ് മോദിയുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞ് പടോളി രംഗത്തെത്തിയത്. പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയപ്പെടുകയാണ്. അദ്ദേഹം വിളിച്ചു ചേര്‍ക്കുന്ന എം.പിമാരുടെ യോഗത്തില്‍ ആരേയും ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാറില്ല.
ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലെ, വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് അറിയില്ലെ എന്നൊക്കെയാണ് അദ്ദേഹം തിരിച്ചു ചോദിക്കുന്നത്.
കാര്‍ഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം, ഗ്രീന്‍ നികുതി, ഒ.ബി.സി മന്ത്രാലയം തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മോദി തന്നോട് ദേഷ്യപ്പെടുകയും വായടക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. മോദി പതിവായി പാര്‍ട്ടി എം.പിമാരുടെ യോഗം വിളിക്കുന്നു. എന്നാല്‍ ആരെയും സംസാരിക്കാന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം മാത്രമാണ് സംസാരിക്കുന്നതെന്നും പടോളി വ്യക്തമാക്കി.
എല്ലാ കേന്ദ്രമന്ത്രിമാരും എപ്പോഴും ഭയത്തോടെയാണെന്നും അതുകൊണ്ട് തനിക്ക് മോദി മന്ത്രിസഭയില്‍ അംഗമാകുന്നതില്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മോദിയുടെ ഹിറ്റ്‌ലിസ്റ്റിലായികഴിഞ്ഞിരിക്കുന്നുവെന്നും പക്ഷേ, ഞാന്‍ ആരെയും ഭയപ്പെടുന്നില്ലെന്നും പടോളി പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരേയും പടോളി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കേന്ദ്ര ഫണ്ട് കാര്യക്ഷമമായി സംസ്ഥാനത്ത് എത്തിക്കുന്ന കാര്യത്തില്‍ ഫഡ്‌നാവിസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഖജനാവിലേക്ക് മുംബൈ പരമാവധി സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് വളരെ കുറച്ചു മാത്രമെ ഫണ്ട് അനുവദിക്കുന്നുള്ളു.
പാര്‍ലമെന്റ് സെഷന്‍ ആരംഭിക്കുന്നതിന് മുമ്പ് മുംബൈയില്‍ നിന്നുള്ള എം.പിമാരുടെ യോഗം വിളിക്കുന്നതും മുഖ്യമന്ത്രി ഫഡ്‌നാവിസ് നിര്‍ത്തിവച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."