ദക്ഷിണകൊറിയയും മിസൈല്‍ ശക്തി വര്‍ധിപ്പിക്കുന്നു
സോള്‍: ഉത്തരകൊറിയക്കു പിന്നാലെ ദക്ഷിണകൊറിയയും തങ്ങളുടെ മിസൈല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ സുഹൃത്തും യു.എസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപുമായി വെള്ളിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ സൈനിക സാമഗ്രികളുള്‍െപ്പടെ നല്‍കി ദക്ഷിണകൊറിയയെ സഹായിക്കാമെന്ന് ട്രംപും ഏറ്റിട്ടുണ്ട്. ഫോണ്‍ സംഭാഷണത്തിനു ശേഷം പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ഓഫിസ് തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയതും.
അടുത്തിടെ നടന്ന ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളോടുള്ള പ്രതികരണമെന്ന രീതിയിലാണ് തങ്ങള്‍ മിസൈല്‍ ശക്തി അഭിവൃദ്ധിപ്പെടുത്തുന്നതെന്ന് ദക്ഷിണകൊറിയ വ്യക്തമാക്കി. യു.എസുമായി ഒപ്പുവച്ച ഉഭയകക്ഷി ധാരണ പ്രകാരം 800 കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ മിസൈലുകള്‍ വിക്ഷേപിക്കപ്പെടണമെന്നാണ് നിബന്ധന. ഇരുകൂട്ടരും തമ്മില്‍ ധാരണയാക്കിയ പരമാവധി ഭാരം 500 കിലോഗ്രാമാണ്. പ്രതിരോധ സഹകരണം വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും അതോടൊപ്പം ദക്ഷിണകൊറിയയുടെ പ്രതിരോധമേഖല ശക്തിപ്പെടുത്താനും ധാരണയായതായി വൈറ്റ്ഹൗസ് അറിയിച്ചു.
ലക്ഷക്കണക്കിന് കോടി ഡോളര്‍ വിലവരുന്ന അമേരിക്കയുടെ സൈനികസാമഗ്രികള്‍ ദക്ഷിണകൊറിയക്കു വില്‍ക്കാനും ധാരണയായതായി വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അമേരിക്കയുടെ ആണവായുധ കവചം എന്ന നിലയില്‍ ദക്ഷിണകൊറിയയിലും വാഷിങ്ടണിലുമായി 28,500 യു.എസ് സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലും യൂറോപ്പിലും ആണവ ആക്രമണം നടത്താന്‍ ഉത്തരകൊറിയക്കു ശേഷിയുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ദക്ഷിണകൊറിയ പുതിയ പ്രഖ്യാപനവുമായി രംഗത്തു വന്നിരിക്കുന്നത്.
ആര്‍.ടി.എല്‍ റേഡിയോ സ്റ്റേഷനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."