പിതാവിന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ ദിലീപിന് കോടതിയുടെ അനുമതി
അങ്കമാലി: പിതാവിന്റെ ശ്രാദ്ധദിനത്തില്‍ ബലിയിടാന്‍ ജയിലില്‍നിന്ന് പുറത്തുപോകാന്‍ നടന് ദിലീപിന് കോടതിയുടെ അനുമതി. ശ്രാദ്ധദിനമായ ആറിന് രാവിലെ എട്ടു മുതല്‍ 10 വരെ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുവാദം നല്‍കിയത്.
വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്ന് തന്നെ ദിലീപ് ജയിലില്‍ മടങ്ങിയെത്തണം. പിതാവിന്റെ ശ്രാദ്ധത്തിനു ബലിയിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. 2008ല്‍ പിതാവ് പദ്മനാഭന് പിള്ള മരിച്ചതിന് ശേഷം എല്ലാ വര്‍ഷവും മൂത്തമകനായ ദിലീപാണ് ബലിയിടുന്നതെന്നും ഇതുവരെ മുടക്കം വരുത്തിയിട്ടില്ലെന്നും അഭിഭാഷകര്‍ അറിയിച്ചു.
ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തെങ്കിലും മാനുഷിക പരിഗണന നല്കി ശ്രാദ്ധ ദിനത്തില്‍ പൊലിസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു. പിതാവിന് ബലിയിടണമെന്ന ദിലീപിന്റെ വാദം പുറത്തിറങ്ങാനായി മാത്രം കാരണം കാണിക്കുന്നതാണെന്നും ഇതനുവദിച്ചാല്‍ കീഴ്വഴക്കമാകുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഈ ആവശ്യം എന്തുകൊണ്ട് ജാമ്യാപേക്ഷ വേളയില്‍ ദിലീപ് ഉന്നയിച്ചില്ലെന്ന് പ്രോസിക്യൂഷന് ചോദിച്ചു. പുറത്തുവന്നാല്‍ പ്രതി മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ട്. കഴിഞ്ഞവര്‍ഷത്തെ ശ്രാദ്ധചടങ്ങില്‍ ദിലീപ് പങ്കെടുത്തിരുന്നില്ലെന്നും പ്രോസിക്യൂഷന്പറഞ്ഞു. ദിലിപിന്റെ റിമാന്റ് കാലാവധി ഈ മാസം 16 വരെ വീണ്ടും നീട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."