മാവോവാദി നേതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
പാലക്കാട്: മാവോവാദി നേതാവ് മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കടവില്‍ ലത (മീര) യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കാട്ടാനയുടെ അക്രമത്തില്‍ ലത കൊല്ലപ്പെട്ടെന്നാണ് സി.പി.ഐ (മാവോയിസ്റ്റ്)പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലുള്ളത്. എന്നാല്‍, എപ്പോഴും ആയുധങ്ങള്‍ കൈവശംവയ്ക്കുന്ന ലതക്ക് വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മാവോയിസ്റ്റ് വക്താവ് ജോഗിയാണ് പത്രക്കുറിപ്പ് ഇറക്കിയത്. 2014ല്‍ മാവോയിസ്റ്റ് പാര്‍ട്ടി നക്‌സല്‍ബാരിയില്‍ ലയിക്കുന്നതുവരെ സി.പി.ഐ (എം.എല്‍) നക്‌സല്‍ബാരിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. ഓഗസ്റ്റ് 25ന് പുറത്തിറക്കിയ പത്രക്കുറിപ്പ് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ക്കും പൊലിസിനും ലഭിച്ചത്. ഓഗസ്റ്റ് ആറിന് വൈകിട്ട് ആറോടെ നാടുകാണി വനത്തില്‍ വച്ച് ലത മരിച്ചെന്നാണ് പത്രക്കുറിപ്പിലുള്ളത്. വീട്ടുകാരെ അറിയിക്കാതെ വനത്തിനകത്തുതന്നെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. മരണം ബന്ധുക്കളെ അറിയിക്കാത്തതിലും സംശയമുയര്‍ന്നിട്ടുണ്ട്.
കാലങ്ങളായി വീട്ടില്‍ വരാറില്ലെങ്കിലും അമ്മ മരിച്ചപ്പോള്‍ ദിവസങ്ങളോളം വീട്ടില്‍ തങ്ങിയതായും ബന്ധുക്കള്‍ പറയുന്നു. മരണം സ്ഥിരീകരിക്കാന്‍ പൊലിസിന് കഴിയാത്തതിനാല്‍ പരാതി നല്‍കാനില്ലെന്നും സഹോദരങ്ങള്‍ അറിയിച്ചു.
ലത, വയനാട് സ്വദേശി സോമന്‍ അടക്കമുള്ള മാവോവാദി നേതാക്കള്‍ അടുത്തിടെ കേരളാ പൊലിസില്‍ കീഴടങ്ങാന്‍ നീക്കം നടത്തിയിരുന്നു. ഇതിനേത്തുടര്‍ന്ന് ആന്ധ്രയിലെ മവോവാദി നേതാക്കളുടെ ഹിറ്റ്‌ലിസ്റ്റില്‍ ലത ഉള്‍പ്പെട്ടിരുന്നു. ഇതിനാല്‍ ലത കൊല്ലപ്പെട്ടതാകാമെന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. ലതയുടെ മരണം പൊലിസ് അന്വേഷിക്കുമെന്നാണ് അറിയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട് മാവോയിസ്റ്റായ ലതയുടെ മരണവാര്‍ത്ത ചാനലുകള്‍ വഴിയാണ് അറിഞ്ഞതെന്ന് ഇളയ സഹോദരന്‍ വിജയന്‍ പറയുന്നു. ചിണ്ടക്കോട് വേലായുധന്‍, കല്യാണി ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെയാളായ ലത മലമ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. അതിനുശേഷം വീടിനോട് ചേര്‍ന്ന് സാക്ഷരതാ ക്ലാസിന് നേതൃത്വം നല്‍കി. തുടര്‍ന്ന് സാക്ഷരതാ പ്രവര്‍ത്തകനായ മലമ്പുഴ തൂപ്പള്ളം സ്വദേശി രവീന്ദ്രനെ വിവാഹം കഴിക്കുകയായിരുന്നു.
വിവാഹശേഷം തൂപ്പള്ളത്ത് വീടുവച്ച് താമസിക്കുകയും മലമ്പുഴയില്‍ ഫാന്‍സി കട നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട് വിറ്റ് രവീന്ദ്രനും ലതയും വയനാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എ.ഡി.ബി വായ്പയ്ക്ക് എതിരായി തിരുവനന്തപുരത്ത് 'പോരാട്ടം' പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന് ലത അറസ്റ്റിലായതോടെയാണ് മാവോവാദിയാണെന്ന് മനസിലാകുന്നതെന്ന് സഹോദരന്‍ വിജയന്‍ പറഞ്ഞു.
2009ല്‍ രവീന്ദ്രന്‍ മരിച്ചു. അന്ന് വയനാട്ടില്‍ നിന്ന് മൃതദേഹത്തോടൊപ്പം ലതയും പാലക്കാട്ട് എത്തിയിരുന്നു. ഒരാഴ്ചയോളം സഹോദരന്‍ മണികണ്ഠന്റെ വീട്ടിലും തൂപ്പള്ളത്തുമായി താമസിച്ചു. അതിനുശേഷം മടങ്ങി.
പിന്നീട് സലിന്‍ എന്നയാളെ വിവാഹം കഴിച്ചു. സലിനുമായുള്ള വിവാഹം ലതയുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. 2011 ഓഗസ്റ്റില്‍ അമ്മ കല്യാണി മരിച്ചപ്പോള്‍ ലതയോടൊപ്പം സലിനും മലമ്പുഴയിലെ വീട്ടിലെത്തിയിരുന്നു. മക്കളില്ലാത്ത തന്റേതായി ഒന്നും ഉണ്ടാകരുതെന്നും ഫോട്ടോയും രേഖകളുംതേടി പൊലിസ് എത്തുമെന്നും പറഞ്ഞ് എല്ലാം ലത കൊണ്ടുപോയിരുന്നു.
ലതയുടെ ഫോട്ടോയുള്ള സഹോദരന്‍മാരുടെ വിവാഹ ചിത്രങ്ങളൊക്കെ കത്തിച്ചു. വിജയന്‍ വിദേശത്ത് ജോലി ചെയ്യുമ്പോള്‍ അന്വേഷണമെന്ന പേരില്‍ പൊലിസ് പലതവണ വീട്ടിലെത്തിയിരുന്നു. ഇപ്പോഴും വരുന്നുണ്ട്. ആദ്യ ഭര്‍ത്താവ് രവീന്ദ്രന്റെ മരണത്തോടെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി.
ഇനി ചിലപ്പോള്‍ കാണാന്‍ കഴിയില്ലെന്നാണ് അന്ന് ലത മറുപടി നല്‍കിയതെന്ന് ഇളയ സഹോദരനായ വിജയന്‍ പറഞ്ഞു. ലതക്കെതിരേ കേരളത്തില്‍ നാല് കേസുകളാണ് നിലവിലുള്ളത്. വയനാട്ടിലെ തലപ്പാടി സ്റ്റേഷനില്‍ രണ്ടും കണ്ണൂരിലെ കേളകം, കരിക്കോട്ടേരി എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."