ഡി.ടി.പി.സി ഓണാഘോഷം തനിനാടന്‍
കോഴിക്കോട്: ഡി.ടി.പി.സി ഓണാഘോഷത്തിന്റെ ഭാഗമായി മാനാഞ്ചിറയില്‍ വിവിധ കലാ-കായിക പരിപാടികള്‍ നടന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും മാര്‍ഷല്‍ ആര്‍ട്‌സ് കമ്മിറ്റിയും ചേര്‍ന്നൊരുക്കിയ നാടന്‍ അമ്പെയ്ത്ത് മത്സരം കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ഉദ്ഘാടനം ചെയ്തു.
പഴയകാല അമ്പെയ്ത്ത് മത്സരം പുതുതലമുറക്ക് മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.
തനിനാടന്‍ ശൈലിയിലുള്ള കളിയുടെ ഘടന മനസിലാകാതെ കാണികള്‍ നട്ടം തിരിഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി. പ്രേമന്‍ തറവാട്ടത്തില്‍, കളരിപ്പയറ്റ് മാര്‍ഷല്‍ ആര്‍ട്‌സ് പ്രസിഡന്റ് എ. മൂസ്സ ഹാജി സംബന്ധിച്ചു. തുടര്‍ന്ന് ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ കീഴില്‍ കളരിപ്പയറ്റ് പ്രദര്‍ശനവും ഗുരുവായൂരപ്പന്‍ കോളജ് വനിത യോഗ ടീമിന്റെ യോഗാ പ്രദര്‍ശനവും നടന്നു.
നാടന്‍ കലോത്സവത്തിന്റെ ഭാഗമായി ലത്തീഫ് ഗുരുക്കളും സംഘവും അവതരിപ്പിച്ച കോല്‍ക്കളിയും മുരളീധരന്‍ ചേമഞ്ചേരിയുടെയും സംഘത്തിന്റെയും തെയ്യക്കോലങ്ങളും ഡാന്‍സ് ലവേഴ്‌സ് ഫറോക്കിന്റെ ഗോത്രനൃത്തവും ആസ്വാദകരുടെ കൈയടി നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."