എല്‍.ഡി.എഫിന് ഓണസമ്മാനമായി ചെറുപുഴ പഞ്ചായത്ത് ഭരണം
ചെറുപുഴ: മാണിവിഭാഗം കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയെ പിന്‍തുണച്ചപ്പോള്‍ ചെറുപുഴ പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണനഷ്ടം. ഒന്‍പതിനെതിരേ പത്ത് വോട്ടിനാണ് കോണ്‍ഗ്രസിലെ ജമീല കോളയത്തിനെതിരായ അവിശ്വാസം പാസായത്. എല്‍.ഡി.എഫിലെ എട്ട് അംഗങ്ങളും കേരളാ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങളും അവിശ്വാസത്തെ അനുകൂലിച്ചു. കോണ്‍ഗ്രസിലെ ഒന്‍പതംഗങ്ങള്‍ അവിശ്വാസത്തെ എതിര്‍ത്ത് വോട്ടുചെയ്തു. പയ്യന്നൂര്‍ ബിഡി ഒ.കെ ഗണേശന്റെ അധ്യക്ഷതയിലാണ് രാവിലെ പത്തിന് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്തത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് വി. കൃഷ്ണന്‍, റോസിലി ആടമാക്കല്‍, മനോജ് വടക്കേല്‍ എന്നിവര്‍ ഭരണപക്ഷത്തുനിന്നു പ്രസംഗിച്ചു. സി.പി.എമ്മില്‍ നിന്നു കെ.കെ ജോയി, കെ. രാജന്‍ പി. രാമചന്ദ്രന്‍ എന്നിവരും കേരളാ കോണ്‍ഗ്രസില്‍ നിന്നു ഡെന്നി കാവാലവും പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് വി. കൃഷ്ണനെതിരായ അവിശ്വാസവും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പാസായി. 19 അംഗ ഭരണസമിതിയില്‍ തുടക്കത്തില്‍ വിമത ഉള്‍പ്പെടെ കോണ്‍ഗ്രസിന് പത്തും കേരളാ കോണ്‍ഗ്രസിന് രണ്ടും എല്‍.ഡി.എഫിന് ഏഴും അംഗങ്ങളുണ്ടായിരുന്നു. എട്ടുമാസത്തിനു ശേഷം വിവിധ കാരണങ്ങള്‍ പറഞ്ഞ് കേരളാ കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ പിന്തുണ പിന്‍വലിക്കുകയായിരുന്നു. തങ്ങള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും ഭരണതലത്തില്‍ കോണ്‍ഗ്രസ് ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് മാണിവിഭാഗം ഇടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."