കെ.പി വേണുഗോപാല്‍ ആറളം ഫാം എം.ഡി
ഇരിട്ടി: ആറളം ഫാമിങ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ടി.കെ വിശ്വനാഥന്‍ നായരെ നീക്കി. ഗ്രാമവികസന വകുപ്പിലെ ജോയിന്റ് ഡവലപ്പ്‌മെന്റ് കമ്മിഷണര്‍ കെ.പി വേണുഗോപാലിനെ പുതിയ എം.ഡിയായി നിയമിച്ചു. പയ്യന്നൂര്‍ കോറോം സ്വദേശിയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് ആലക്കോട് സ്വദേശിയായ ടി.കെ വിശ്വനാഥന്‍ നായരെ ഫാം എം.ഡിയായി നിയമിച്ചത്. എം.ഡിക്കെതിരേ തൊഴിലാളി യൂനിയനുകളില്‍ നിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പാര്‍ട്ടിതലത്തില്‍ എം.ഡിയെ നീക്കാന്‍ ചരടുവലികള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. എം.ഡിക്കെതിരേ സി.പി.എം ഏരിയാ കമ്മിറ്റിയും നിലപാടെടുത്തു. ഫാമിലെ ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണെന്ന വ്യാപകമായ പരാതിയും മുഴുവന്‍ തൊഴിലാളി യൂനിയനുകളില്‍ നിന്നുണ്ടായി. ഒരുതവണ എം.ഡിയെ ഫാമില്‍ കയറ്റാതെ തന്നെ പ്രതിഷേധം പ്രകടിപ്പിച്ചു. ഫാമിലെ ഇപ്പോഴത്തെ പ്രതിസന്ധിയും ടി.കെ വിശ്വനാഥന്‍ നായരുടെ സ്ഥാനചലനത്തിനിടയാക്കി. പുതുതായി നിയമിതനായ എം.ഡി പി.കെ വേണുഗോപാല്‍ പി.കെ ശ്രമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായും കൃഷി ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 32 വര്‍ഷമായി സര്‍ക്കാര്‍ സര്‍വിസില്‍ സേവനം നടത്തിയതിന്റെ പ്രവൃത്തി പരിചയവുമുണ്ട്. ഫാമില്‍ നിയമിതനാകുന്ന അഞ്ചാമത്തെ എം.ഡിയാണ് വേണുഗോപാലന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."