കോട്ടമൈതാനത്ത് നഗരസഭയുടെ വാഹനപാര്‍ക്കിങ് കേന്ദ്രം ഒരുങ്ങുന്നു
പാലക്കാട്: നഗരത്തിന്റെ സിരാകേന്ദ്രമായ കോട്ടമൈതാനത്ത് നഗരസഭയുടെ വക പാര്‍ക്കിങ് സൗകര്യമൊരുങ്ങുന്നു. കാടുപിടിച്ചും ചെളിക്കളമായും കിടക്കുന്ന മൈതാനം വൃത്തിയാക്കി മതില്‍ നിര്‍മ്മിച്ചാണ് നഗരത്തിലേക്കെത്തുന്ന വാഹനയാത്രികരുടെ വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കി പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നത്. മൈതാനത്തിനു ഇരുവശത്തുമായിട്ടാണ് സൗകര്യമൊരുക്കുന്നത്.
ഇതിനുപുറമെ മൈതാനത്തിന്റെ ഇരുവശങ്ങളിലും പുതിയ പ്രവേശനകവാടങ്ങളും ഒരുക്കുന്നതാണ്. മൈതാനത്തിനകത്ത് പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതോടെ വിവിധ സംഘടകളുടെ പൊതുയോഗങ്ങളും സമ്മേളനങ്ങള്‍ക്കുമൊക്കെ നിയന്ത്രണം വരും. ഇപ്പോല്‍ മൈതനത്തിനകത്ത് പലരുടെയും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനും പൊതുപരിപാടികള്‍ക്കുമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിനുപുറമെ രക്തസാക്ഷിമണ്ഡപത്തിന്റെ ഇരുവശങ്ങളിലും നിരവധി കച്ചവടകകാരും തമ്പടിച്ചിരിക്കുകയാണ്. കാലങ്ങളായി മഴപെയ്താല്‍ മൈതാനത്തിനകത്ത് ചെളിയും ചേറും നിറഞ്ഞ സ്ഥിതിയിലാണ്. മതിലുകള്‍ ഇല്ലാത്തതിനാല്‍ കന്നുകാലികളുടെയും നായ്ക്കളുടെയും വിഹാരകേന്ദ്രമാണിവിടം. മാത്രമല്ല തെരുവുവിളക്കുകളില്ലാത്തതിനാല്‍ സന്ധ്യാസമയങ്ങളില്‍ മൈതാനത്തിനകത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പതിവാണ്. ഇരുട്ടിന്റെ മറവില്‍ കഞ്ചാവു വില്‍പ്പനയും ഇവിടെ തകൃതിയാണ്. മാത്രമല്ല ഇരുട്ടിലൂടെ നടന്നു നീങ്ങുന്നവര്‍ക്കെതിരെ പിടിച്ചുപറിയും മോഷണങ്ങളും പതിവാണിവിടം.
മൈതാനം വൃത്തിയാക്കി തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതോടെ നഗരസഭക്ക് നല്ലൊരു വരുമാനം കൂടിയാവുന്നതോടെ ഇവിടുത്തെ കാലങ്ങളായുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിയാവുകയും ചെയ്യും. മാത്രമല്ല നഗരത്തിലെ റോഡുകളിലുള്ള അനധികൃത പാര്‍ക്കിംഗ് ഒഴിവാകാനും നഗരത്തിന്റെ തീരാശാപമായ ഗതാഗതകുരുക്കൊഴിവാക്കാനും ഒരുപരിധി വരെ കഴിയും.
മൈതാനത്തേതുപോലെ സ്റ്റേഡിയം ഗ്രൗണ്ട് പരിസരത്തും ഇതേരീതിയില്‍ നഗരസഭയുടെ ഉടമസ്ഥതയില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കുകയാണെങ്കില്‍ നഗരത്തിലെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നതും വാഹനയാത്ര സുഗമമാവുകയും ചെയ്യും. എന്നാല്‍ ഇത്തരം പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തം കൂടിയുണ്ടാവുകയാണെങ്കില്‍ നടപടികള്‍ എളുപ്പമാവുമെന്നതും നഗരസഭക്ക് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."