തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി
കൊല്ലം: കശുവണ്ടി വ്യവസായത്തെ നിലനിര്‍ത്തുന്നതിന് നാടന്‍ തോട്ടണ്ടിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ പുതുതായി ജോലി ലഭിച്ച തൊഴിലാളികള്‍ക്കുള്ള നിയമന ഉത്തരവ് നല്‍കല്‍ ചടങ്ങ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ കാലത്തും തോട്ടണ്ടി ഇറക്കുമതിയിലൂടെ മാത്രം വ്യവസായത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ല. നമ്മുടെ നാട്ടിലെ കശുവണ്ടി ഫാക്ടറികള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം ആറു ലക്ഷം ടണ്‍ അസംസ്‌കൃത കശുവണ്ടിയാണ് ആവശ്യമായിട്ടുള്ളത്.
എന്നാല്‍ ആഭ്യന്തര ഉല്‍പാദനം കേവലം എണ്‍പതിനായിരം ടണ്‍ മാത്രമാണ്.
തോട്ടണ്ടി ഉല്‍പാദക രാജ്യങ്ങളില്‍ സംസ്‌കരണം കൂടി വരുന്ന സാഹചര്യം കേരളത്തിലെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും.
ഇത് മുന്‍കൂട്ടി കണ്ട് കശുമാവ് കൃഷി വ്യാപനത്തിന് ഹരിത കേരള മിഷനുമായി ചേര്‍ന്ന് ഒരു പദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണ്.
കശുവണ്ടി കോര്‍പ്പറേഷന്റെ 30 ഫാക്ടറികളിലെ 90 ഏക്കര്‍ സ്ഥലത്ത് ആറായിരത്തോളം കശുമാവിന്‍ തൈകള്‍ വച്ചുപിടിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കശുവണ്ടി ഉല്‍പാദക രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് കശുവണ്ടി ലഭ്യമാക്കുന്നതിന് ആഫ്രിക്കന്‍ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ ഉള്‍പ്പെടുത്തി കോണ്‍ക്ലേവ് സംഘടിപ്പിച്ചു.
കശുവണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് കാഷ്യൂ ബോര്‍ഡിന്റെ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.
കോര്‍പ്പറേഷനും കാപ്പെക്‌സിനും മാത്രമല്ല മറ്റ് സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്കും ഇക്കാര്യത്തില്‍ കാഷ്യൂ ബോര്‍ഡ് രൂപീകരണം സഹായകമാകും.
ഐവറി കോസ്റ്റില്‍ നിന്നും നേരിട്ട് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷ കാലത്തിനുള്ളില്‍ കോര്‍പ്പറേഷനിലെ പതിനായിരത്തോളം തൊഴിലാളികള്‍ക്ക് 140 ദിവസം വരെ ജോലി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കോര്‍പ്പറേഷന്‍ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന 80 കോടി രൂപ സര്‍ക്കാര്‍ കൊടുത്തുതീര്‍ത്തിട്ടുണ്ട്.
വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കണമെന്ന തൊഴിലാളികളുടെ ആഗ്രഹത്തിനൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്.
തൊഴിലാളികളെ കണക്കിലെടുത്തുകൊണ്ടാണ് വ്യവസായത്തെ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം തുടരുന്നത്.
കശുവണ്ടി മേഖലയിലെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിപണനം എന്നിവയിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നത് വലിയ പ്രത്യാശ നല്‍കുന്നു.
കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാഷ്യൂ കോര്‍പ്പറേഷന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അയത്തില്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ നടന്ന മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ചടങ്ങില്‍ അധ്യക്ഷയായി. മന്ത്രി കെ. രാജു പുതിയ ഉല്‍പന്നങ്ങള്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
മേയര്‍ വി രാജേന്ദ്രബാബു, എന്‍ കെ പ്രേമചന്ദ്രന്‍ എം.പി, കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ എസ് കാര്‍ത്തികേയന്‍, മുന്‍ രാജ്യസഭാംഗം കെ.എന്‍. ബാലഗോപാല്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, കാഷ്യൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാപ്പെക്‌സ് ചെയര്‍മാന്‍ എസ് സുദേവന്‍, കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മടന്തകോട് മുരളി, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, കാഷ്യൂ കോര്‍പ്പറേഷന്‍ എം.ഡി.ടി.എഫ് സേവ്യര്‍, ഭരണസമിതി അംഗങ്ങളായ പി. ആര്‍ വസന്തന്‍, കാഞ്ഞിരംവിള അജയകുമാര്‍, സജി.ഡി ആനന്ദ്, കൗണ്‍സിലര്‍ എസ്. സരിത, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."