ത്യാഗത്തിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
ചങ്ങനാശേരി: ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമോതി ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക് ലബ്ബക്കലാക്ക ശരീക്കലബ്ബൈ എന്ന ദ്വനി അറഫയില്‍ ഉയര്‍ന്നപ്പോള്‍ അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ് എന്ന തക്ബീറോടെ ബലിപെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിച്ചു. ഏകദൈവ വിശ്വാസത്തില്‍ അടിയുറച്ച് നിന്നുകൊണ്ട് ത്യാഗസമ്പൂര്‍ണമായ ജീവിതം അനുസ്മരിച്ച് ഇസ്‌ലാം മത വിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുകയായിരുന്നു. അതുല്യമായ ഓര്‍മകളാണ് വിശ്വാസ സമൂഹം വലിയ പെരുന്നാളിലൂടെ പങ്കുവച്ചത്. പെരുന്നാള്‍ ദിനത്തില്‍ ഇമാമീങ്ങള്‍ പള്ളികളില്‍ നടത്തിയ ഹിന്ദി-ഉറുദു പ്രഭാഷണങ്ങള്‍ അന്യസംസ്ഥാന തൊഴലാളികള്‍ക്ക് പ്രത്യേകിച്ച് ബംഗാളികള്‍ക്ക് വേറിട്ട അനുഭവമായി.
സാഹോദര്യവും കേരളത്തനിമയില്‍ ഇമാമീങ്ങള്‍ വിശദീകരിക്കുമ്പോള്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളില്‍ ഒത്തുകൂടിയ നൂറുകണക്കിന് ബംഗാളികളില്‍ അത് ആവേശവും നവ്യാനുഭൂതിയും പകര്‍ന്നു. നമസ്‌ക്കാരം കഴിഞ്ഞ് പുറത്തിറങ്ങയ അക്കൂട്ടരില്‍ പലരും ഹുദാഫീസ്, 'അച്ഛാ തുടങ്ങിയ വാക്കുകള്‍ കൊണ്ട് അത്തരം പ്രഭാഷണങ്ങളെ അഭിനന്ദിക്കുന്നതും കേള്‍ക്കാനായി.
കേട്ടുമടുത്ത പ്രബോധനങ്ങളില്‍ നിന്നും വ്യത്യസ്തമായി ത്യാഗത്തിന്റെയും സഹിഷ്ണതയിലും വിശ്വാസ സമൂഹം അടിയുറച്ച് മുന്നോട്ടുപോകുവാനും വര്‍ഗീയ കോമരങ്ങള്‍ ഇളക്കിവിടുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി കൊടുക്കാതെ നാടിന്റെ ഐക്യത്തിനും അഖണ്ഡതയും കാത്തു സൂക്ഷിക്കുവാനും ബലി പെരുന്നാളിന്റെ മാഹാത്മ്യം ജീവിതത്തില്‍ വളര്‍ത്തിയെടുക്കുവാനും ഇമാം ഈസല്‍ ഖാസിമി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. മധ്യ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബംഗാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് പുതൂര്‍പള്ളിയില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ഇമാം ഈസല്‍ ഖാസിമി നിസ്‌കാരത്തിന് നേതൃത്വം കൊടുത്തു.
ചങ്ങനാശേരി പുതൂര്‍പ്പള്ളിയില്‍ ഇമാം ഇ.പി അബൂബക്കര്‍ അല്‍ഖാസിമിയും പഴയപള്ളിയില്‍ സിറജുദ്ദീന്‍ അല്‍ഖാസിമിയും കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി ഹിന്ദി-ഉറുദു പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയരായത്. പെരുന്നാള്‍ സന്ദേശത്തില്‍ മുസ്‌ലിം സമുദായത്തിനും ഇതര സഹോദര സമുദായങ്ങള്‍ക്കും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. തെങ്ങണാ, വടക്കേക്കര, കറുകച്ചാല്‍, നെടുംകുന്നം തുടങ്ങിയ പള്ളികളിലെല്ലാം ആയിരങ്ങളാണ് വലിയ പെരുന്നാളിനു ഒത്തുചേര്‍ന്നത്. വിവിധ തൈക്കാവുകളിലും സ്ത്രീകള്‍ക്കും നമസ്‌ക്കാരത്തിനായി പ്രത്യേക സ്ഥലവും സജ്ജമാക്കിയിരുന്നു. ബലിപെരുന്നാളിന്റെ പ്രധാന കര്‍മങ്ങളില്‍ ഒന്നായ ഉളുഹിയത്തി(മൃഗങ്ങളെ ബലിയറുക്കല്‍)ലും കൂടുതല്‍പേര്‍ പങ്കെടുത്തു. ഒറ്റക്കും കൂട്ടായും ഇതിനായി വിശ്വാസികള്‍ നേരത്തെ തന്നെ തയാറെടുത്തിരുന്നു. നിസ്‌ക്കാരശേഷം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന് പരസ്പരം ആലിംഗനം ചെയ്ത് സാഹോദര്യങ്ങള്‍ അരക്കിട്ടുറപ്പിച്ചും മണ്‍മറഞ്ഞ ബന്ധുമിത്രധികളുടെ ഖബറുകളില്‍ സന്ദര്‍ശനം നടത്തിയുമാണ് എല്ലാവരും മടങ്ങിയത്.
എരുമേലി: ത്യാഗത്തിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ ബലിപ്പെരുന്നാള്‍ ആഘോഷിച്ചു. എരുമേലിയിലെ വിവിധ പള്ളികളില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിലും തുടര്‍ന്നു നടന്ന ഖുത്വുബക്കും പ്രാര്‍ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. എരുമേലി ഹിറാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നിസ്‌ക്കാരത്തിന് ഷിഹാബ് കാസിം നേതൃത്വം നല്‍കി. എരുമേലി നൈാര്‍ ജുമാ മസ്ജിദില്‍ ഹാജി ടി.എസ് അബ്ദുല്‍ കരീം മൗലവി, ചരള മുനവ്വിറുല്‍ ഇസ്‌ലാം മസ്ജിദില്‍ ഹാഫിള് ഇല്ല്യാസ് മൗലവി, ആനക്കല്ല് സുബുലുസലാം ജുമാ മസ്ജിദില്‍ സബീര്‍ മൗലവി തുടങ്ങിയവര്‍ പെരുന്നാള്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. ആമക്കുന്ന് മസ്ജിദുല്‍ ബദരിയ വി.കെ അബ്ദുല്‍ കെരീം മൗലവി, മണിപ്പുഴ നൂര്‍ജുമാ മസ്ജിദ് വി.എം ബഷീര്‍ മൗലവി, കരിങ്കല്ലുംമൂഴി ഹിദായത്തുല്‍ ഇസ്‌ലാം ജുമാ മസ്ജിദ് വി.എം അബ്ദുല്‍ സമദ് മൗലവി, ശ്രീനിപുരം മിസ്ബാഹുല്‍ഹുദാ ജുമാ മസ്ജിദ് ത്വാഹാ മൗലവി, ഇരുമ്പൂന്നിക്കര മഹല്ലാ മുസ്‌ലിം ജമാഅത്ത് മസ്ജിദ് ഷാജഹാന്‍ മൗലവി, ആലപ്ര ഉറുമ്പത്ത് ജുമാ മസ്ജിദ് മുഹമ്മദ് നിസാര്‍ മൗലവി, മുട്ടപ്പള്ളി ഹിദായത്തുല്‍ ഇസ്‌ലാം ജമാഅത്ത് നജീബ് ഹസന്‍ ബാഖവി തുടങ്ങിയവരും നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."